ന്യൂഡല്‍ഹി: ഇന്ത്യയില്‍ ലൈസന്‍സ് ഇല്ലാതെ വിറ്റഴിക്കാന്‍ സാധിക്കുന്ന മരുന്നുകളുടെ പട്ടികയില്‍ നിന്നു കഫ്സിറപ്പുകളെ ഒഴിവാക്കിയേക്കുമെന്നു സൂചന. വ്യാജ കഫ്സിറപ്പ് കഴിച്ച് അടുത്തയിടെ ഇരുപതിലധികം ആള്ക്കാര് മരിക്കാനിടയായ സാഹചര്യമാണ് ഇങ്ങനെയൊരു നീക്കത്തിനു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ പ്രേരിപ്പിക്കുന്നത്.
കഫ്സിറപ്പുകളുടെ വില്പനയ്ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കിക്കഴിഞ്ഞാല്‍ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്നു കടകളില്‍ നിന്ന് ഇവ വിറ്റഴിക്കാന്‍ സാധിക്കില്ല. നിലവില്‍ ആന്റിബയോട്ടിക്കുകളുടെ അവസ്ഥയിലേക്ക് ഇവയും മാറും. നിലവില്‍ ലൈസന്‍സ് ഇല്ലാതെ വിറ്റഴിക്കാന്‍ സാധിക്കുന്ന മരുന്നുകളുടെ ഷെഡ്യൂള്‍ കെ യിലാണ് കഫ്സിറപ്പുകളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയെ ലൈസന്‍സ് ആവശ്യമുള്ള മരുന്നുകളുടെ പട്ടികയിലേക്കു മാറ്റുന്നതു സംബന്ധിച്ച നിര്‍ദേശം നിലവില്‍ കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ഡ്രഗ് കണ്‍സള്‍ട്ടേറ്റിവ് കമ്മിറ്റിയുടെ പരിഗണനയിലാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

