തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുട്ടട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായി നിശ്ചയിക്കപ്പെട്ടതിനു ശേഷം വോട്ടര്‍ പട്ടികയിലെ പേരുവെട്ടല്‍ വിവാദത്തിലൂടെ പ്രശസ്തയായ വൈഷ്ണ സുരേഷിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പച്ചക്കൊടി. വൈഷ്ണയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നും വോട്ടു ചെയ്യാമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി.
വോട്ടര്‍ പട്ടികയില്‍ നിന്നു തന്നെ നീക്കം ചെയ്ത നടപടി ചോദ്യം ചെയ്ത് വൈഷ്ണ സുരേഷ് ഹൈക്കോടതിയില്‍ എത്തിയിരുന്നു. സ്ഥാനാര്‍ഥിയായി നിശ്ചയിച്ച് പ്രചാരണവും തുടങ്ങിയതിനു ശേഷമാണ് ഒരു എല്‍ഡിഎഫ് പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയില്‍ വൈഷ്ണയുടെ പേര് പട്ടികയില്‍ നിന്നു വെട്ടുന്നത്. വീട്ടു നമ്പരില്‍ കോര്‍പ്പറേഷന്‍ കാട്ടിയ ഒരു തിരിമറിയാണ് വൈഷ്ണയ്ക്കു കുരുക്കായി മാറിയത്. എന്നാല്‍ ഇവരുടെ പേരു നീക്കം ചെയ്ത നടപടി അനീതിയാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇവരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടി സ്വീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോടും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹിയറിങ് നടത്തിയ ശേഷമാണ് വൈഷ്ണയുടെ പേര് പട്ടികയില്‍ പുനസ്ഥാപിക്കുന്നത്.

