കൊച്ചി: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ കേരള ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍. തിങ്കളാഴ്ച വരെ പ്രതിദിന സ്‌പോട്ട് ബുക്കിങ് അയ്യായിരമായി കുറച്ചിട്ടുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട വിവിധ ഹര്‍ജികള്‍ ഒരുമിച്ച് പരിഗണിച്ച ദേവസ്വം ബഞ്ചാണ് ഈ ഉത്തരവ് പുറത്തിറക്കിയത്. ശബരിമലയിലെ മണ്ഡലം, മകരവിളക്ക് തീര്‍ഥാടനം കുറ്റമറ്റ രീതിയില്‍ നടത്താന്‍ വേണ്ട തയ്യാറെടുപ്പുകള്‍ വൈകിയതിന് ദേവസ്വം ബോര്‍ഡിനെ ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു.
തീര്‍ഥാടനകാലത്തിന്റെ തുടക്കത്തില്‍ തിരക്ക് കൂടുതലായിരിക്കുമെന്ന അനുഭവം കണക്കിലെടുക്കാതെ അനിയന്ത്രിതമായി സ്‌പോട്ട് ബുക്കിങ് അനുവദിച്ചതാണ് പ്രശ്‌നം ഗുരുതരമാക്കിയത്. തിരക്ക് കൂടിയതോടെ സ്‌പോട്ട് ബുക്കിങ്ങുകളുടെ എണ്ണം ഇരുപതിനായിരമായി കുറച്ചിരുന്നു. പമ്പയില്‍ സ്‌പോട്ട് ബുക്കിങ്ങിന്റെ തിരക്ക് ഒഴിവാക്കാന്‍ ഏഴു കൗണ്ടറുകള്‍ കൂടി ആരംഭിക്കുകയും ചെയ്തിരുന്നു. ഇരുപതിനായിരം സ്‌പോട്ട് ബുക്കിങ് എന്നതാണ് ഹൈക്കോടതി അതിന്റെ നാലിലൊന്നായി കുറച്ചിരിക്കുന്നത്.

