അഫ്ഗാന്‍ വാണിജ്യകാര്യ മന്ത്രി അല്‍ഹാജ് നൂറുദ്ദീന്‍ അസീസി ഇന്ത്യയിലെത്തി, അഞ്ചു ദിവസത്തെ ഉന്നതതല സന്ദര്‍ശനം

ന്യൂഡല്‍ഹി: അഫ്ഗാന്‍ വിദേശകാര്യ മന്ത്രിയും താലിബാന്‍ നേതാവുമായ ആമിര്‍ ഖാന്‍ മുത്തഖിയുടെ ഇന്ത്യ സന്ദര്‍ശനത്തിനു പിന്നാലെ അഫ്ഗാന്‍ വാണിജ്യ മന്ത്രി അല്‍ഹാജ് നൂറുദ്ദീന്‍ അസീസിയും ഇന്ത്യയിലേക്ക്. ഇന്നലെ ന്യൂഡല്‍ഹിയിലെത്തി അല്‍ഹാജിന് ഇന്ത്യന്‍ അധികൃതര്‍ ഊഷ്മളമായ വരവേല്‍പാണ് നല്‍കിയത്.

ഇന്ത്യ-അഫ്ഗാന്‍ ഉഭയകക്ഷി വ്യാപാര നിക്ഷേപ ഉടമ്പടികളില്‍ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ സമൂഹമാധ്യമ കുറിപ്പിലൂടെ അറിയിച്ചു. അഞ്ചു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനമാണ് അല്‍ഹാജ് ഇന്ത്യയില്‍ നടത്തുന്നത്. ഇതിനിടെ ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയറും അദ്ദേഹം സന്ദര്‍ശിക്കും. 2021ല്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചതിനു ശേഷം അവിടെ നിന്നുള്ള വാണിജ്യകാര്യ മന്ത്രിയുടെ ആദ്യ ഉന്നതതല സന്ദര്‍ശനമാണ് ഇദ്ദേഹം നടത്തുന്നത്.

കഴിഞ്ഞ മാസമാണ് അഫ്ഗാന്‍ വിദേശകാര്യ മന്ത്രി ആമിര്‍ ഖാന്‍ മുത്തഖി ഇന്ത്യയിലെത്തിയത്. ആറു ദിവസമാണ് അദ്ദേഹം ഇന്ത്യയില്‍ തങ്ങിയതും വിവിധ തലങ്ങളിലുള്ള ചര്‍ച്ചകളും കൂടിക്കാഴ്ചകളും നടത്തിയത്. ഇന്ത്യയില്‍ നടത്തിയ പത്ര സമ്മേളനങ്ങളില്‍ നിന്ന് താലിബാന്‍ മാതൃകയില്‍ വനിതാ പത്രപ്രവര്‍ത്തകരെ മാറ്റിനിര്‍ത്തിയത് ആ സമയത്ത് ഏറെ വിവാദമായി മാറുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *