മദീന: നാല്‍പത്തഞ്ച് ഇന്ത്യന്‍ ഹജ്ജ് തീര്‍ഥാടകരുടെ മരണത്തിനിടയാക്കിയ ബസ് അപകട ദുരന്തത്തിനു പിന്നാലെ രക്ഷാ പ്രവര്‍ത്തനങ്ങളും തുടര്‍ നടപടികളും ഏകോപിപ്പിക്കുന്നതിനായി കേന്ദ്ര ഗവണ്‍മെന്റിന്റെ ഉന്നതതല സംഘം സൗദി അറേബ്യയിലെത്തി. ആന്ധ്രപ്രദേശ് ഗവര്‍ണര്‍ ജസ്റ്റിസ് എസ് അബ്ദുള്‍ നസീറിന്റെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ചയാണ് മദീനയില്‍ എത്തിയത്. വിദേശകാര്യ മന്ത്രാലയ സെക്രട്ടറി അരുണ്‍ കുമാര്‍ ചാറ്റര്‍ജിയും ഗവര്‍ണറുടെ സംഘത്തിലുണ്ട്.
റിയാദിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍, ജിദ്ദയിലെ കോണ്‍സുല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി, സൗദി വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് സംഘത്തെ മദീന വിമാനത്താവളത്തില്‍ സ്വീകരിച്ചു. ദുരന്തബാധിതരായവരുടെ കുടുംബങ്ങള്‍ക്ക് എല്ലാവിധ സഹായവും ഉറപ്പുവരുത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.
ഇതിനിടെ ഹൈദരാബാദില്‍ നിന്ന് ഉദ്യോഗസ്ഥര്‍ക്ക് എത്തിയ മരിച്ചവരുടെ ബന്ധുക്കളെ തെലങ്കാന ന്യുനപക്ഷ ക്ഷേമ മന്ത്രി മുഹമ്മദ് അസ്ഹറുദീന്റെ നേതൃത്വത്തിലുള്ള സംഘം വിമാനത്താവളത്തില്‍ സ്വീകരിച്ചു. മരിച്ചവരെ തിരിച്ചറിയുന്നതിനായി കുടുംബാംഗങ്ങളില്‍ നിന്ന് ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുകയാണിപ്പോള്‍. മതപരമായ ആചാരങ്ങള്‍ക്കു ശേഷം മൃതദേഹങ്ങള്‍ മദീനയില്‍ തന്നെ സംസ്‌കരിക്കാനാണ് സാധ്യത കൂടുതല്‍.

