കീവ്: യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയും അമേരിക്കയും സംയുക്തമായി പുതിയ പദ്ധതി തയാറാക്കിയതായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു. യുക്രെയ്ന്‍ സേനയുടെ നിയന്ത്രണത്തില്‍ ഇപ്പോഴുള്ള ഭൂമി കൂടി റഷ്യയ്ക്കു കൈമാറിക്കൊണ്ടുള്ള പദ്ധതിയാണ് അണിയറയില്‍ തയാറായിരിക്കുന്നതെന്നാണ് സൂചന. യുക്രെയ്‌ന്റെ സൈനിക ശേഷിയില്‍ കുറവു വരുത്തണമെന്നും ഇതില്‍ നിര്‍ദേശമുള്ളതായി പറയുന്നു.
ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി അമേരിക്കന്‍ ആര്‍മി സെക്രട്ടറി ഡയാന്‍ ഡ്രിസ്‌കോളിന്റെ നേതൃത്വത്തിലുള്ള സൈനിക സംഘം യുക്രെയ്‌നിലെത്തിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും റഷ്യയുടെ പ്രത്യേക പ്രതിനിധി കിറില്‍ ദിമിത്രിയോവും ചേര്‍ന്നാണ് യുദ്ധസന്ധിയുടെ കരട് തയാറാക്കിയത്. അമേരിക്കയോ റഷ്യയോ ഇതു സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇതിന്റെ അടിസ്ഥാനത്തിലാണ് സെലന്‍സ്‌കിയോട് ഉള്‍പ്പെടെ നിലവില്‍ ചര്‍ച്ചകള്‍ നടക്കുന്നതെന്നാണ് സൂചന.
ദീര്‍ഘകാല സമാധാനം ലഭിക്കണമെങ്കില്‍ ഇരു രാജ്യങ്ങളും വിട്ടുവീഴ്ചയ്ക്കു തയാറാകേണ്ടി വരുമെന്ന് ഇതിനിടെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ സമൂഹ മാധ്യമത്തില്‍ കുറിച്ചിട്ടുണ്ട്. ഇതും പുതിയ പദ്ധതി തയാറാകുന്നതിന്റെ സൂചനയാണെന്നു പറയുന്നു.

