പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടില്‍ പ്രത്യേക അന്വേഷണ സംഘം റെയ്ഡ് ആരംഭിച്ചു. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട ആസൂത്രണം പത്മകുമാറിന്റെ വീട്ടിലാണ് നടന്നത് വിവരം പുറത്തു വന്നതിനെ തുടര്‍ന്നാണ് വളരെ വിപുലമായ പരിശോധ വീട്ടിനുള്ളില്‍ നടത്താനുള്ള തീരുമാനം.
വനിതാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള ടീമാണ് റെയ്ഡിനു നേതൃത്വം കൊടുക്കുന്നത്. കേസില്‍ മുമ്പ് അറസ്റ്റിലായവരുടെ വീടുകളിലും സമാനായ പരിശോധനകള്‍ നേരത്തെ നടന്നതാണ്. എന്നാല്‍ അവയെക്കാള്‍ വിപുലമായ പരിശോധനകളാണ് പത്മകുമാറിന്റെ വീട്ടില്‍ നടക്കുന്നതെന്നാണ് വിവരം.
കേസില്‍ അറസ്റ്റിലാകുന്ന ആറാമനും രണ്ടാമത്തെ ബോര്‍ഡ് പ്രസിഡന്റുമാണ് പത്മകുമാര്‍. ആദ്യം അറസ്റ്റിലായ മുന്‍ പ്രസിഡന്റ് എന്‍ വാസു നിലവില്‍ റിമാന്‍ഡില്‍ ജയിലിലാണ്. കേസില്‍ എട്ടാം പ്രതിയായി പ്രത്യേക അന്വേഷണ സംഘം ചേര്‍ത്തിരിക്കുന്നത് പത്മകുമാര്‍ അധ്യക്ഷനായിരുന്ന കാലത്തെ ബോര്‍ഡിനെയാണ്.

