തൃശൂര്‍: വാടകയ്ക്ക് എടുത്ത കാര്‍ തിരികെ ചോദിച്ചതിന് ഉടമയെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പോലീസ് പിടിയില്‍. തൃശൂരിനടുത്ത് തിരൂരില്‍ താമസിക്കുന്ന ബക്കര്‍ എന്നയാളാണ് വാഹനത്തിന്റെ ഉടമയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ബോണറ്റിനു മുകളില്‍ കിടത്തി പത്തു കിലോമീറ്ററോളം അതിവേഗത്തില്‍ കുതിച്ചത്. നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ കൊണ്ട് കാറിന്റെ ഉടമ ആലുവ സ്വദേശിയായ സോളമന് ജീവന്‍ തിരിച്ചു കിട്ടി. കാര്‍ തിരികെ കിട്ടുന്നതിനായി സോളമന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ഈ സംഭവം.
സോളമന്‍ രണ്ടു കാറുകളായിരുന്നു ബക്കറിനു വാടകയ്ക്ക് നല്‍കിയിരുന്നത്. വാടക കൊടുക്കുകയോ കാര്‍ തിരികെ കൊടുക്കുകയോ ചെയ്യാതെ വന്നപ്പോഴാണ് സോളമന്‍ തിരക്കിച്ചെല്ലുന്നത്. എരുമപ്പെട്ടി ഭാഗത്തുവച്ച് കാര്‍ കണ്ടതും മുന്നോട്ടു പോകാനാവില്ലെന്നു പറഞ്ഞ് സോളമന്‍ തടയുകയായിരുന്നു. അപ്പോഴാണ് സോളമനെ ബോണറ്റിനു മുകളിലേക്ക് ഇടിച്ചു വീഴ്ത്തി ബക്കര്‍ കാറുമായി മുന്നോട്ടു കുതിച്ചത്. ഇതേ രീതിയില്‍ പത്തുകിലോമീറ്ററാണ് അയാള്‍ വണ്ടിയോടിച്ചത്. സോളമന്റെ നിലവിളി കേട്ട നാട്ടുകാര്‍ കാര്‍ തടയുകയും ബക്കറിനെ പോലീസിനു കൈമാറുകയുമായിരുന്നു.

