തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി. ഇതോടെ വിഴിഞ്ഞം തുറമുഖത്തു നിന്ന് റോഡ്, റെയില്‍ മാര്‍ഗങ്ങളിലൂടെ രാജ്യത്ത് എവിടേക്കും ചരക്കുകള്‍ കൊണ്ടുപോകാമെന്ന സൗകര്യം കൈവന്നിരിക്കുകയാണ്. ഈ സൗകര്യത്തിന്റെ പ്രയോജനമെടുക്കാന്‍ കൂടുതല്‍ കപ്പലുകള്‍ തുറമുഖത്ത് അടുക്കുന്നതോടെ സംസ്ഥാനത്തിനു സാമ്പത്തികമായി വലിയ മെച്ചമായിരിക്കും ഉണ്ടാകുകയെന്നു കണക്കാക്കുന്നു.
നിലവില്‍ വലിയ കപ്പലുകളില്‍ തുറമുഖത്ത് കപ്പലുകള്‍ എത്തിയാലും ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റില്ലാത്തതിനാല്‍ തുറമുഖത്തിനു പുറത്തേക്ക് ചരക്കുകള്‍ കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. അതിനാല്‍ ഫീഡര്‍ കപ്പലുകളില്‍ കയറ്റി മറ്റു തുറമുഖങ്ങളിലേക്ക് അയക്കുന്നതായിരുന്നു പതിവ്. ഇത് വലിയ അസൗകര്യമായിരുന്നു സൃഷ്ടിച്ചിരുന്നത്. ഇനി തുറമുഖത്തു നിന്ന് ലോറിയിലോ ട്രക്കിലോ തീവണ്ടിയിലോ ചരക്കുകള്‍ രാജ്യത്തിന്റെ ഏതു ഭാഗത്തേക്കും കൊണ്ടുപോകുന്നതിനു സാധിക്കും. ലോജിസ്റ്റിക്‌സ് മേഖലയിലും സംസ്ഥാനത്തിനു വലിയ കുതിച്ചു ചാട്ടമായിരിക്കും ഇതിലൂടെയുണ്ടാകുന്നതെന്നു കണക്കാക്കുന്നു. ഇതിനു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സംസ്ഥാനം ശ്രദ്ധിക്കണമെന്ന സാഹചര്യമാണിപ്പോഴുള്ളത്.

