ന്യൂഡല്‍ഹി: കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന് (എസ്ഐആര്‍) സുപ്രീം കോടതി ഇന്നു വാദം കേട്ടെങ്കിലും സ്റ്റേ അനുവദിച്ചില്ല. ഇക്കാര്യത്തില്‍ കുറച്ചു ദിവസങ്ങള്‍ കൂടി സംസ്ഥാനം കാത്തിരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഹര്‍ജി ഈ മാസം ഇരുപത്താറാം തീയതി വീണ്ടും പരിഗണിക്കുന്നതിലേക്ക് മാറ്റിവച്ചു. ഈ വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കോടതി നോട്ടീസ് അയച്ചിരിക്കുകയാണിപ്പോള്‍.
കേരളത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യമായതിനാല്‍ അതിനൊപ്പം എസ്ഐആര്‍ കൂടി നടപ്പാക്കുന്നത് അസൗകര്യങ്ങള്‍ സൃഷ്ടിക്കുകയാണെന്നായിരുന്നു സംസ്ഥാനത്തിന്റെ വാദം. സംസ്ഥാന ഗവണ്മെന്റാണ് ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചതിലൊരാള്. ഇതിനൊപ്പം കോണ്‍ഗ്രസും മുസ്ലീംലീഗും സിപിഎമ്മും വെവ്വേറെ ഹര്‍ജികളും സമര്‍പ്പിച്ചിട്ടുണ്ട്. എല്ലാ ഹര്‍ജികളും ഒന്നിച്ചാണ് കോടതി പരിഗണിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ ആദ്യം ഹൈക്കോടതിയെ ആയിരുന്നു ഹര്‍ജിയുമായി സമീപിച്ചത്. എന്നാല്‍ ഹര്‍ജി ഫയലില്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച ഹൈക്കോടതി ഹര്‍ജി സമര്‍പ്പിച്ച ചീഫ് സെക്രട്ടറിയോട് സുപ്രീം കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

