ആലപ്പുഴ: ഒരു വാഹനാപകടം ഷാരോണിന്റെയും ആവണിയുടെയും വിവാഹച്ചടങ്ങില്‍ കരിനിഴല്‍ വീഴ്ത്തിയെങ്കിലും വിവാഹജീവിതത്തിനു പ്രതിബന്ധമായില്ല. നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ വരന്‍ വധുവിനെ താലി കെട്ടി ജീവിതത്തിന്റ നല്ല പാതിയായി സ്വീകരിച്ചു. ആലപ്പുഴ തുമ്പോളി വളപ്പില്‍ വീട്ടില്‍ മനുമോന്‍-രശ്മി ദമ്പതികളുടെ മകന്‍ ഷാരോണും കൊമ്മാടി മുത്തലശേരി വീട്ടില്‍ ജഗദീഷ്-ജ്യോതി ദമ്പതികളുടെ മകള്‍ ആവണിയുമാണ് ആശുപത്രിക്കിടക്കയില്‍ പുതിയ കുടുംബത്തിന്റെ മംഗളമുഹൂര്‍ത്തം കാത്തത്.
ഇന്നലെ ഉച്ചയ്ക്കായിരുന്നു ഇവര്‍ ഇരുവരുടെയും വിവാഹം നടക്കേണ്ടിയിരുന്നത്. വേദിയും എല്ലാം തയാറായിരുന്നു. എന്നാല്‍ കല്യാണത്തിനു മുമ്പായി ബ്യൂട്ടീഷന്റെ അടുത്ത് പോയി വധു മടങ്ങിവരുന്നതിനിടെയാണ് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെടുന്നത്. ഗുരുതരമായി പരിക്കേറ്റ ആവണിയെ അപ്പോള്‍ തന്നെ ആദ്യം കോട്ടയം മെഡിക്കല്‍ കോളജിലും പിന്നീട് കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അതോടെയാണ് ആശുപത്രിയില്‍ വച്ചു തന്നെ മുഹൂര്‍ത്തം തെറ്റാതെ വിവാഹം ചെയ്യാന്‍ വരന്‍ ഷാരോണ്‍ സമ്മതം അറിയിക്കുന്നത്.
ആശുപത്രിയില്‍ ഇരുവരും വിവാഹിതരാകുന്ന അതേ സമയത്തു തന്നെ നിശ്ചയിച്ചിരുന്നതു പോലെ ഓഡിറ്റോറിയത്തില്‍ സദ്യ വിളമ്പുകയും ചെയ്തു. ആവണിയുടെ നട്ടെല്ലിനും കാലിന്റെ എല്ലിനുമാണ് അപകടത്തില്‍ പരിക്കേറ്റിരിക്കുന്നത്. ഇന്നത്തേക്ക് സര്‍ജറി പോസ്റ്റ് ചെയ്തിരിക്കുകയുമാണ്. ആശുപത്രിയില്‍ ആവണിക്ക് ധൈര്യവും സാന്ത്വനവുമേകിക്കൊണ്ട് ഷാരോണ്‍ അപ്പോള്‍ മുതല്‍ കൂടെയുണ്ട്. ചേര്‍ത്തല ബിഷപ്പ് മൂര്‍ സ്‌കൂള്‍ അധ്യാപികയാണ് ആവണി. ചേര്‍ത്തല കെവിഎം എന്‍ജിനിയറിങ് കോളജ് അധ്യാപകനാണ് ഷാരോണ്‍.

