മുംബൈ: ഇന്ത്യന്‍ വനിതകള്‍ ഐസിസി ലോകകപ്പ് ഉയര്‍ത്തിയ അതേ സ്റ്റേഡിയത്തില്‍ വച്ച് ലോകകപ്പില്‍ ആദ്യവസാനം ഒരു പോലെ തിളങ്ങിയ സൂപ്പര്‍താരം സ്മൃതി മന്ദാനയെ ലോകര്‍ കാണ്‍കെ ജീവിതത്തിലേക്ക് ക്ഷണിച്ച് സംഗീത സംവിധായകന് പലാഷ് മുച്ചല്‍. ഇതിന്റെ ചിത്രങ്ങള്‍ പലാഷ് തന്നെ പുറത്തുവിട്ടിരിക്കുകയാണിപ്പോള്‍.
നവിമുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ വച്ച് സ്മൃതിയെ കണ്ണുകെട്ടി കൈപിടിച്ച് പലാഷ് കൊണ്ടുവരുന്നു. അതിനു ശേഷം മുന്നില്‍ പരമ്പരാഗത യൂറോപ്യന്‍ പ്രൊപ്പോസല്‍ രീതിയില്‍ മുട്ടുകുത്തി നിന്ന് പ്രൊപ്പോസ് ചെയ്യുന്നു. നാളെയാണ് സ്മൃതി മന്ദാനയും പലാഷ് മുച്ചലും തമ്മിലുള്ള വിവാഹം നടക്കുന്നത്.
കഴിഞ്ഞ ദിവസം സഹതാരങ്ങളോടൊപ്പം നൃത്തം ചെയ്ത് പലാഷ് മുച്ചലുമായുള്ള തന്റെ വിവാഹവിവരം ഇന്‍സ്റ്റഗ്രാമിലൂടെ സ്മൃതി പുറത്തു വിട്ടിരുന്നു. ജമീമ റോഡ്രിഗ്സ്, ശ്രേയാങ്ക പട്ടേല്‍, രാധാ യാദവ്, അരുന്ധതി റെഡ്ഡി എന്നിവരായിരുന്നു താരത്തിനൊപ്പം നൃത്തം ചെയ്യാനെത്തിയത്. ഇതിനു പിന്നാലെയാണ് ഇന്നലെ പലാഷും ചിത്രം പങ്കുവച്ചിരിക്കുന്നത്. സ്മൃതിക്കും പലാഷിനും എന്നന്നേക്കും സന്തോഷകരമായ ജീവിതം ആശംസിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസ നേര്‍ന്നിട്ടുണ്ട്.

