പത്തനംതിട്ട: ശബരിമലയില്‍ തിരക്കു നിയന്ത്രണ വിധേയമാക്കാന്‍ കേരള ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചു. ദേവസ്വം മന്ത്രി വി എന്‍ വാസവന്റെ അധ്യക്ഷതയില്‍ ഇന്നലെ പമ്പയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഈ നിര്‍ണായക തീരുമാനം ഉണ്ടായിരിക്കുന്നത്. ഈ കമ്മിറ്റിയായിരിക്കും ഇനി ഓരോ ദിവസവും എത്ര സ്‌പോട്ട് ബുക്കിങ് വേണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. സ്‌പോട്ട് ബുക്കിങ്ങിന്റെ അടിസ്ഥാനത്തിലായിരിക്കും സന്നിധാനത്തിലേക്ക് അയ്യപ്പഭക്തരെ കടത്തിവിടുക. പോലീസ് കോര്‍ഡിനേറ്റര്‍, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍, സ്‌പെഷല്‍ കമ്മീഷണര്‍ എന്നിവരായിരിക്കും പ്രത്യേക കമ്മിറ്റിയിലെ അംഗങ്ങള്‍.
ശബരിമലയില്‍ ഇനിയും ചെയ്തു തീര്‍ക്കാനുള്ള മരാമത്ത് ജോലികള്‍ പൂര്‍ത്തിയാക്കുക, സന്നിധാനത്തും പമ്പയിലുമായി നാനൂറോളം ദിവസ വേതനക്കാരുടെ ഒഴിവുകള്‍ നികത്തുക, ഭക്തരുടെ അടിസ്ഥാന ആവശ്യങ്ങള്‍ സുഗമമായി നടത്തുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുക തുടങ്ങിയ കാര്യങ്ങളിലും ഇന്നലെ നടന്ന യോഗത്തില്‍ തീരുമാനമായി. ഇതില്‍ അടിസ്ഥാനാവശ്യങ്ങള്‍ക്കുള്ള സൗകര്യത്തിന്റെ കാര്യത്തില്‍ ഹൈക്കോടതി വളരെ കടുത്ത നിലപാടാണ് സ്വീകരിച്ചിരുന്നത്.

