കൊച്ചി: മുന്‍ എംഎല്‍എ പി വി അന്‍വറിന്റെ വീട്ടിലെയും സ്ഥാപനങ്ങളിലെയും റെയ്ഡുമായി ബന്ധപ്പെട്ട് വാര്‍ത്താക്കുറിപ്പിറക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). അന്‍വറിന്റെ 22.3 കോടി രൂപയുടെ വായ്പയുമായി ബന്ധപ്പെട്ടായിരുന്നു അന്വേഷണം നടന്നത്. ഒരേ വസ്തു തന്നെ ഈടുവച്ച് ചുരുങ്ങിയ കാലത്തിനുള്ളില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ (കെഎഫ്‌സി) നിന്നു വിവിധ വായ്പകള്‍ തരപ്പെടുത്തിയിരുന്നുവെന്ന് പത്രക്കുറിപ്പില്‍ പറയുന്നു.
്അന്‍വര്‍ വായ്പയെടുത്ത തുക വകമാറ്റിയതായി സംശയിക്കുന്നുവെന്ന് ഇഡിയുടെ വിശദീകരണക്കുറിപ്പിലുണ്ട്. അന്‍വറിന്റെ ബിനാമി സ്വത്തുകളും പരിശോധിക്കുകയാണ്. മലംകുളം കണ്‍സ്ട്രക്ഷന്‍ എന്ന സ്ഥാപനത്തിന്റെ യഥാര്‍ഥ ഉടമ താനാണെന്ന് അന്‍വര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. എന്നാല്‍ അടുത്ത ബന്ധുവിന്റെയും ഡ്രൈവറുടെയും പേരിലാണ് സ്ഥാപനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്‍വര്‍ മെട്രോ വില്ലേജ് എന്ന പദ്ധതിക്കുവേണ്ടി എടുത്ത വായ്പയാണ് വകമാറ്റിയിരിക്കുന്നത്. 2016ലെ 14.38 കോടി രൂപയുടെ സ്വത്ത് 2021ല്‍ 64.14 കോടി രൂപയായി വര്‍ധിച്ചത് എങ്ങനെയെന്ന കാര്യത്തിലും വിശദീകരണം നല്‍കാന്‍ അന്‍വറിനു സാധിച്ചിട്ടില്ല. ഇക്കാര്യത്തില്‍ കെഎഫ്‌സി ഉദ്യോഗസ്ഥര്‍ക്കു വീഴ്ച സംഭവിച്ചതായും ഇഡി ആരോപിക്കുന്നു.
അന്‍വറിനെതിരേ കേരളത്തിലെ വിജിലന്‍സ് കേസ് എടുത്തതിനു പിന്നാലെയാണ് ഇഡിയും രംഗത്തുവന്നത്. വെള്ളിയാഴ്ചയായിരുന്നു അന്‍വറിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡിയുടെ റെയ്ഡ് നടക്കുന്നത്.

