ന്യൂഡല്‍ഹി: വിദേശ നിര്‍മിത ആയുധങ്ങള്‍ ഇന്ത്യയില്‍ വിതരണം ചെയ്ത ആയുധക്കടത്ത് സംഘം ഡല്‍ഹി പോലീസിന്റെ പിടിയിലായി. ചൈനയിലും തുര്‍ക്കിയിലും നിര്‍മിച്ച തോക്കുകളും വെടിയുണ്ടകളും സഹിതമാണ് സംഘം പിടിയിലാകുന്നത്. പാക്കിസ്ഥാനിലെ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സുമായി (ഐഎസ്‌ഐ) ബന്ധമുള്ള സംഘം ഡ്രോണ്‍ ഉപയോഗിച്ചായിരുന്നു ആയുധം കടത്തിയിരുന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു.
സംഘത്തിലെ നാലുപേരെയാണ് പോലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്. പഞ്ചാബിലെ കൊടും കുറ്റവാളികളായ മന്‍ദീപ്, സഹായികളും ഉത്തര്‍പ്രദേശ് സ്വദേശികളുമായ രോഹന്‍, മോനു എന്നിവരും പിടിയാലായവരുടെ കൂട്ടത്തിലുണ്ട്. പിടിയിലാകുമ്പോള്‍ പത്തു തോക്കുകളും 92 വെടിയുണ്ടകളും ഇവരുടെ കൈവശം ഉണ്ടായിരുന്നു. ഡ്രോണുകളില്‍ കടത്തിയ ആയുധങ്ങള്‍ നിശ്ചിത സ്ഥലങ്ങളില്‍ നിക്ഷേിപിക്കുകയും സംഘം അവിടെ നിന്ന് ആയുധങ്ങള്‍ തിരികെ ശേഖരിച്ച ശേഷം വില്‍പന നടത്തുകയുമായിരുന്നു ചെയ്തിരുന്നത്.
സംഘത്തിന്റെ പ്രധാന നേതാവ് ജസ്പ്രീത് എന്ന ജസ ആണെന്നാണ് പോലീസ് കരുതുന്നത്. അമേരിക്കയില്‍ സ്ഥിര താമസക്കാരനാണ് ഇയാള്‍. അവിടെ നിന്നും പാക്കിസ്ഥാനുമായി നേരിട്ട് ബന്ധപ്പെട്ടാണ് ഇന്ത്യയിലെ ഓപ്പറേഷനുകള്‍ ഏകോപിപ്പിച്ചിരുന്നത്.

