കൊച്ചി: ആലപ്പുഴയില്‍ വിവാഹദിനത്തില്‍ സംഭവിച്ച കാറപകടത്തില്‍ നട്ടെല്ലിനു ഗുരുതരമായി പരിക്കേറ്റ ആവണിയുടെ ചികിത്സ പൂര്‍ണമായും സൗജന്യമായിരിക്കുമെന്ന് വിപിഎസ് ലേക് ഷോര്‍ ആശുപത്രി അധികൃതര്‍. ആവണിക്കും ഷാരോണിനുമുള്ള തങ്ങളുടെ വിവാഹ സമ്മാനമാണ് ശസ്ത്രക്രിയയും ചികിത്സയുമെന്ന് ആശുപത്രി മാനേജിങ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള അറിയിച്ചു. ശസ്ത്രക്രിയ കഴിഞ്ഞശേഷം ആവണിയെയും കുടുംബത്തെയും സന്ദര്‍ശിച്ചപ്പോഴാണ് മാനേജിങ് ഡയറക്ടര്‍ ഇക്കാര്യം അറിയിച്ചത്.
നട്ടെല്ലിനു ഗുരുതരമായി പരിക്കേറ്റ യുവതിയുടെ ശസ്ത്രക്രിയ ഇന്നലെ ഉച്ചയോടെയാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ആശുപത്രിയിലെ ന്യൂറോസര്‍ജറി വിഭാഗം മേധാവി ഡോ. സുധീഷ് കരുണാകരന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. പരിക്കിന്റെ സ്വഭാവം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തിറക്കുമെന്ന് ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തി. ആവണി സര്‍ജിക്കല്‍ ഐസിയുവില്‍ ചികിത്സയില്‍ തുടരുകയാണ്. നില മെച്ചപ്പെടുന്നതിന് അനുസരിച്ചായിരിക്കും ഇവിടെ നിന്ന് മുറിയിലേക്ക് മാറ്റുക.

