ജോഹാന്നസ്ബര്‍ഗ്: ഓസ്ട്രേലിയ, കാനഡ, ഇന്ത്യ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് സംയുക്തമായി പുതിയ സാങ്കേതിക സഹകരണ സഖ്യം രൂപീകരിക്കുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഓസ്ട്രേലിയ-കാനഡ-ഇന്ത്യ ടെക്നോളജി ആന്‍ഡ് ഇന്നൊവേഷന് (എസിഐടിഐ) എന്നു പേരിട്ടിരിക്കുന്നതായിരിക്കും സഖ്യമെന്ന് മോദി പ്രഖ്യാപിച്ചു. ജി 20 രാജ്യത്തലവന്മാരുടെ യോഗത്തില്‍ സംബന്ധിക്കുന്നതിനിടെ ഓസ്ട്രേലിയയുടെ പ്രധാനമന്ത്രി ആന്തണി ആല്ബനീസിയുമായും കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായും ചര്‍ച്ച നടത്തിയ ശേഷം അവരുടെ കൂടി സാന്നിധ്യത്തിലാണ് പുതിയ സഖ്യത്തിന്റെ പ്രഖ്യാപനം നടത്തിയത്.
മൂന്നു ഭൂഖണ്ഡങ്ങളിലുമുള്ള ജനാധിപത്യ ശക്തികളുടെ സഹകരണം വര്‍ധിപ്പിക്കുന്നതായിരിക്കും പുതിയ സഖ്യമെന്ന് മോദി അഭിപ്രായപ്പെട്ടു. നവ സാങ്കേതിക വിദ്യകള്‍, വിതരണ ശൃംഖലകളുടെ വൈവിധ്യവല്‍ക്കരണം, ക്ലീന്‍ എനര്‍ജി, എഐയുടെ പുതിയ സാധ്യതകള്‍ എന്നീ മേഖലകളിലായിരിക്കും പുതിയ സഖ്യം ശ്രദ്ധയൂന്നുക.

