പെര്‍ത്ത്: ഒന്നാം ആഷസ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഓസ്‌ട്രേലിയയ്ക്ക് തകര്‍പ്പന്‍ വിജയം. രണ്ടാം ദിനം മൂന്നാം സെഷനില്‍ തന്നെ ഇംഗ്ലണ്ടിനെ എട്ടു വിക്കറ്റിന് ഓസീസ് തോല്‍പിച്ചു. 205 റണ്‍സ് എന്ന താരതമ്യേന ദുര്‍ബലമായ വിജയ ലക്ഷ്യം 28.2 ഓവറിലാണ് ഓസട്രേലിയ മറികടന്നത്. ട്രാവിസ് ഹെഡിന്റെ ഉജ്വലമായ സെഞ്ചുറിയാണ് ഓസീസ് വിജയത്തില്‍ വഴിത്തിരിവായത്. വെറും 83 പന്തിനെ നേരിട്ടാണ് 123 റണ്‍സ് കൊയ്‌തെടുക്കാന്‍ ട്രാവിസിനു സാധിച്ചത്.
തുടക്കം മുതല്‍ ബൗളര്‍മാര്‍ നിറഞ്ഞാടിയ ഒരു മത്സരമാണ് പെര്‍ത്തില്‍ നടന്നത്. ബൗളര്‍മാരെ തുണയ്ക്കുന്നൊരു പിച്ചില്‍ ഇരുനൂറു റണ്‍സിനു മുകളിലുള്ളൊരു വിജയലക്ഷ്യം ഇംഗ്ലണ്ട് ഉയര്‍ത്തിയത് മറികടക്കാന്‍ ഓസ്‌ട്രേലിയ നന്നായി വിയര്‍ക്കേണ്ടി വരുമെന്നായിരുന്നു പൊതുവേ കരുതിയത്. എന്നാല്‍ അനായാസം അതു മറികടക്കാന്‍ ഓസീസിനായത് ട്രാവിസ് ഹെഡിന്റെ മികച്ച പ്രകടനം കൊണ്ടു മാത്രമായിരുന്നു. പതിനാറു ബൗണ്ടറികളും നാലു സിക്‌സറുകളും അടിച്ചുകൂട്ടിയാണ് ട്രാവിസിന്റെ സെഞ്ചുറി പ്രകടനം.
ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പ്രകടനവും സമാനതകളില്ലാത്തതായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ വെറും 58 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് സ്റ്റാര്‍ക്ക് ഏഴു വിക്കറ്റുകള്‍ പിഴുതെടുത്തത്. അഞ്ച് മത്സരങ്ങളുള്ളതാണ് ആഷസ് പരമ്പര. ഇപ്പോള്‍ ഓസ്‌ട്രേലിയ 1-0ന് മുന്നിലാണ്. അടുത്ത മത്സരം ബ്രിസ്‌ബേനിലെ ഗാബയില്‍ ഡിസംബര്‍ രണ്ടിനാണ് നടക്കുന്നത്.

