ന്യൂഡല്‍ഹി: കാലാവസ്ഥാ പ്രവര്‍ത്തകനായ സോം വാങ്ചുക്കിന്റെ തടങ്കല്‍ നിയമവിരുദ്ധവും മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതുമാണെന്നു ആരോപിച്ച് അദ്ദേഹത്തിന്റെ ഭാര്യ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസുമാരായ അരവിന്ദ് കുമാറും എന്‍ വി അഞ്ജരിയയും അടങ്ങുന്ന ബെഞ്ചിനു മുമ്പാകെയാണ് ഹര്‍ജി എത്തുന്നത്.
വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ജെ ആങ്‌മോയുടെ ഹര്‍ജിയില്‍ സുപ്രീം കോടതി ഒക്ടോബര്‍ 29ന് കേന്ദ്രത്തിന്റെയും ലഡാക്ക് ഭരണകൂടത്തിന്റെയും പ്രതികരണം ആരാഞ്ഞിരുന്നു. ലഡാക്കിലും ഇന്ത്യയില്‍ ഉടനീളവും അടിസ്ഥാന വിദ്യാഭ്യാസം, നവീകരണം, പരിസ്ഥിതി സംരക്ഷണം, എന്നിവയ്ക്കുള്ള സംഭാവനയ്ക്ക് മൂന്നു പതിറ്റാണ്ടിലേറെ സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ അംഗീകാരം നേടിയ വാങ്ചുക്കിനെ ഉന്നം വയ്ക്കുന്നത് അസംബന്ധമായി തോന്നുന്നുവെന്നാണ് ഭാര്യയുടെ ഹര്‍ജിയില്‍ പറയുന്നത്.

