തിരുവനന്തപുരം: ഒന്നര വര്‍ഷത്തിനുള്ളില്‍ ആഡംബര കപ്പല്‍ (ക്രൂസ് കപ്പല്‍) ഉപയോഗിച്ചുള്ള ടൂറിസം പദ്ധതി ആരംഭിക്കാന്‍ കേരള മാരിടൈം ബോര്‍ഡ് തീരുമാനം. കപ്പലുകളുടെ പ്രാഥമിക രൂപകല്‍പന സംബന്ധിച്ചു തീരുമാനമെടുക്കാന്‍ വിദഗ്ധ സമിതിക്കു രൂപം നല്‍കാനും നടപടി തുടങ്ങി. രണ്ടു മാസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് തയാറാകുന്നതോടെ കപ്പലുകളുടെ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ വിളിക്കുന്നതാണ്. എട്ടു മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള സമയം കൊണ്ട് കപ്പലുകള്‍ തയാറാകുമെന്നാണ് പ്രാഥമിക പഠനത്തില്‍ ബോര്‍ഡ് കണ്ടെത്തിയിരിക്കുന്നത്. കൊല്ലം, ബേപ്പൂര്‍ തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും ക്രൂസ് കപ്പലുകള്‍ പ്രവര്‍ത്തിക്കുക.
പുതുതായി ആരംഭിക്കുന്ന ക്രൂസ് കപ്പലുകളില്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പഞ്ചനക്ഷത്ര സൗകര്യങ്ങളായിരിക്കും ഉണ്ടായിരിക്കുക. പൂര്‍ണമായും ശീതീകരിച്ച റസ്റ്റോറന്റ്, ബീയര്‍ പാര്‍ലര്‍, ബാര്‍, ബാങ്കറ്റ് ഹാള്‍, ത്രീഡി തീയറ്റര്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലം തുടങ്ങിയവ ഉണ്ടായിരിക്കും. സണ്‍സെറ്റ് ക്രൂസാണ് പ്രധാനമായും ഉദ്ദശിക്കുന്നത്. ഇതിനായി സൂര്യാസ്തമയം കാണാനാവുന്ന വിധത്തില്‍ ഇരുപത് നോട്ടിക്കല്‍ മൈല്‍ വരെ ഉള്‍ക്കടലിലേക്ക് പോയി മടങ്ങിവരുന്നവിധത്തിലാണ് ട്രിപ്പുകള്‍ ആലോചനയിലുള്ളത്. ഡെസ്റ്റിനേഷന്‍ വെഡിങ്, കോര്‍പ്പറേറ്റ് കോണ്‍ഫറന്‍സുകള്‍ തുടങ്ങിയവയ്ക്കും സൗകര്യമുണ്ടായിരിക്കും.

