തിരുവനന്തപുരം: ശബരിമലയിലെ അന്നദാന മെനുവില്‍ കേരളത്തിന്റെ സ്വന്തം സ്വാദ് നല്‍കുന്നതിന് ദേവസ്വം ബോര്‍ഡ് തീരുമാനം. ഇതുവരെ അന്നദാന മെനുവിലുണ്ടായിരുന്ന പുലാവും സാമ്പാറും മാറ്റി പകരം വന്നെത്തിയിരിക്കുന്നത് കേരളത്തിന്റെ സ്വന്തം സദ്യയാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ വരുത്തുന്ന മാറ്റങ്ങളുടെ ഭാഗമാണിതും. ദേവസ്വം ബോര്‍ഡ് യോഗത്തിനു ശേഷം ജയകുമാര്‍ തന്നെ വെളിപ്പെടുത്തിയതാണ് ഇക്കാര്യം.
നിലവില്‍ ഉച്ചഭക്ഷണത്തിനായിരുന്നു പുലാവും സാമ്പാറും നല്‍കിയിരുന്നത്. ഇനി മുതല്‍ ആ സ്ഥാനത്താണ് സദ്യ എത്തുന്നത്. സദ്യ പോലൊരു ഭക്ഷണമല്ല, പപ്പടവും പായസവുമെല്ലാം സഹിതമുള്ള സദ്യ തന്നെയാണ് നല്കിത്തുടങ്ങുന്നത്. ദേവസ്വം ബോര്‍ഡിന്റെ പണമല്ല ഉച്ചഭക്ഷണത്തിനായി നല്‍കുന്നതെന്നും അതില്‍ ചെലവു ചുരുക്കാന്‍ കാര്യമായ നടപടിയൊന്നും വേണ്ടെന്നുമാണ് ജയകുമാറിന്റെ നിലപാട്. ഭക്തരായ ജനങ്ങളുടെ വഴിപാടാണ് അന്നദാനം. ആയിനത്തില്‍ ലഭിക്കുന്ന പണം മുഴുവന്‍ സദ്യയൊരുക്കുന്നതിനാണ് തീരുമാനം. അയ്യപ്പന്മാര്ക്ക് ഏറ്റവും നല്ല ഭക്ഷണം കൊടുക്കുന്നതിനാണ് തന്റെ തീരുമാനമെന്ന് ജയകുമാര്‍ തന്നെ വെളിപ്പെടുത്തുകയും ചെയ്തു.
പന്തളത്തെ അന്നദാനവും മെച്ചപ്പെടുത്താന്‍ നടപടി സ്വീകരിച്ചു തുടങ്ങിയിരിക്കുകയാണ്. ശബരിമല ദര്‍ശനം സുഗമമാക്കുന്നതിനു വേണ്ടി പ്രത്യേക മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുകയാണെന്നും ജയകുമാര്‍ വെളിപ്പെടുത്തി. ഡിസംബര്‍ പതിനെട്ടിനു ചേരുന്ന ബോര്‍ഡ് യോഗത്തില്‍ മാസ്റ്റര്‍ പ്ലാന്‍ അവതരിപ്പിക്കും.

