മുംബൈ: സമൂഹ മാധ്യമങ്ങള്‍ ഏതാനും ദിവസം മുമ്പ് ആഘോഷിച്ചത് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ വിവാഹ വാര്‍ത്തയായിരുന്നെങ്കില്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ മുഴുവന്‍ നടക്കുന്നത് പലാഷ് മുച്ചല്‍ സ്മൃതിയെ ചതിക്കുകയായിരുന്നോ എന്നതിലാണ്. ഞായറാഴ്ച സ്മൃതിയും മുച്ചലും തമ്മിലുള്ള വിവാഹം താരത്തിന്റെ സാംഗ്ലിയെ ഫാം ഹൗസില്‍ നടക്കേണ്ടതായിരുന്നു. എന്നാല്‍ അന്നു രാവിലെ സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ദാനയ്ക്ക് ഹൃദ്രോഗ ബാധയുണ്ടായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് വിവാഹം മാറ്റി വയ്ക്കുകയും ചെയ്തു. എന്നാല്‍ തിങ്കളാഴ്ച സ്മൃതി തന്റെ സമൂഹ മാധ്യമങ്ങളില്‍ നിന്ന് മുച്ചലുമായുള്ള അടുപ്പം വ്യക്തമാക്കുന്ന പോസ്റ്റുകളും വിവാഹ ഒരുക്കത്തിന്റെയുള്‍പ്പെടെയുള്ള പോസ്റ്റുകളും നീക്കം ചെയ്തിരുന്നു. സ്മൃതിയുടെ സുഹൃത്തുക്കളായ ജമീമ റോഡ്രിഗ്‌സുമൊക്കെയും ഇവ നീക്കം ചെയ്തിരുന്നു.
അതോടെയാണ് എന്തോ ചില കാര്യങ്ങള്‍ പന്തികേടാണെന്ന രീതിയില്‍ വാര്‍ത്തകള്‍ വരാന്‍ തുടങ്ങുന്നത്. ഇതിനിടെ ഇന്നലെ മുച്ചലും മറ്റൊരു സ്ത്രീയും തമ്മിലുള്ളതാണെന്നു പറയപ്പെടുന്ന ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ വരാന്‍ തുടങ്ങി. അതോടെയാണ് സ്മൃതി ചതിക്കപ്പെടുകയായിരുന്നെന്ന രീതിയില്‍ ചര്‍ച്ചകള്‍ ആരംഭിക്കുകയും ചെയ്തു. മേരി ഡികോസ്റ്റ എന്ന യുവതിയെ ഹോട്ടലിലെ പൂളില്‍ ഒരുമിച്ച് നീന്തുന്നതിന് മുച്ചല്‍ ക്ഷണിക്കുന്നതും മറ്റുമാണ് ചാറ്റിലുള്ളത്.

