കുവൈറ്റ് സിറ്റി: കുവൈറ്റിലെ വീസ നിയമങ്ങളില്‍ സുപ്രധാന മാറ്റങ്ങള്‍ നിലവില്‍ വന്നത് പ്രവാസികള്‍ക്ക് വളരെയധികം മെച്ചമായതായി വെളിപ്പെടുത്തല്‍. ഇനിമുതല്‍ സന്ദര്‍ശക വീസയില്‍ കുവൈറ്റിലെത്തുനന വിദേശികള്‍ക്ക് റസിഡന്‍ഷ്യല്‍ വീസയിലേക്ക് മാറുന്നതിനു സാധിക്കും. ഇതിനൊപ്പം വിദേശികള്‍ക്ക് ഗുണകരമായ അഞ്ചു മാറ്റങ്ങള്‍ കൂടി കുവൈറ്റ് ഭരണകൂടം നടപ്പാക്കിയിട്ടുണ്ട്.
മാതാപിതാക്കളുടെയോ മക്കളുടെയോ സ്‌പോണ്‍സര്‍ഷിപ്പില്‍ സന്ദര്‍ശക വീസയില്‍ എത്തുന്ന ബന്ധുക്കള്‍ക്ക് കുടുംബ വീസയിലേക്ക് മാറുന്നതിനു സാധിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സന്ദര്‍ശക വീസയില്‍ ജോലിക്കെത്തുന്ന വിദേശികള്‍ക്ക് യൂണിവേഴ്‌സിറ്റി ബിരുദമോ സാങ്കേതിക യോഗ്യതകളോ ഉണ്ടെങ്കില്‍ അവര്‍ക്കും റസിഡന്‍സ് വീസയിലേക്കു മാറുന്നതിന് അവസരമുണ്ടാകും. സന്ദര്‍ശക വീസയില്‍ എത്തുന്നവര്‍ക്ക് ഗാര്‍ഹിക തൊഴിലാളി വീസയിലേക്കു മാറുന്നതിന് ഇനി മുതല്‍ അവസരമുണ്ടാകും. വര്‍ക്ക് എന്‍ട്രി വീസയില്‍ രാജ്യത്തെത്തി താമസ നടപടികള്‍ ആരംഭിച്ച ശേഷം അടിയന്തരമായി രാജ്യം വിട്ടവര്‍ ഒരു മാസത്തിനകം തിരിച്ചെത്തിയാല്‍ അവര്‍ക്കും വീസ മാറ്റം അനുവദിക്കും.
പുതിയ നിയമപ്രകാരം അടിയന്തര സാഹചര്യങ്ങളില്‍ അപേക്ഷകര്‍ പ്രത്യേകം അപേക്ഷ സമര്‍പ്പിക്കുകയാണ് ചെയ്യേണ്ടത്. ബന്ധപ്പെട്ട അധികതരുടെ സൂക്ഷ്മ പരിശോധനയുടെ അടിസ്ഥാനത്തില്‍ തൃപ്തികരമമാമെന്നു കണ്ടാല്‍ മാത്രമായിരിക്കും വീസ അനുവദിക്കുന്നത്.

