അബുദാബി: നാലു വര്‍ഷമായി റഷ്യയുമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ യുക്രേയ്ന് സമ്മതം മൂളിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇന്നലെ അബുദാബിയില്‍ വച്ച് അമേരിക്കന്‍ ഉദ്യോഗസ്ഥ സംഘവുമായി നടത്തിയ ചര്‍ച്ചയിലാണ് യുക്രേയ്ന് തങ്ങളുടെ നിലപാട് വെളിപ്പെടുത്തിയതെന്ന് പറയുന്നു. എന്നാല്‍ എല്ലാ കാര്യങ്ങളിലും തീരുമാനമായില്ലെന്നും ഇനിയും ചില കാര്യങ്ങളില്‍ ചര്‍ച്ചകള്‍ തുടരേണ്ടതുണ്ടെന്നാണ് ഒരു അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥന് ചര്‍ച്ചകള്‍ക്കു ശേഷം വെളിപ്പെടുത്തിയത്.
രണ്ടു ദിവസം മുമ്പ് ജനീവയില്‍ അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളുമായി യുക്രേയ്ന് സംഘം യുദ്ധ വിരാമം സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. അപ്പോഴും സമാധാനത്തിനുള്ള സന്നദ്ധത യുക്രേയന്‍ അറിയിച്ചിരുന്നു എന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. എന്നാല്‍ അന്തിമമായി സെലന്‍സ്കിയും ട്രംപും തമ്മില്‍ ചര്‍ച്ചകള്‍ നടന്നാല്‍ മാത്രമേ സമാധാന നിര്‍ദേശങ്ങളുടെ അന്തിമ രൂപത്തിലേക്ക് എത്തിച്ചേരാന്‍ സാധിക്കൂ എന്നാണ് വെളിപ്പെടുത്തല്‍. അതേ സമയം ട്രംപിനൊപ്പം ചേര്‍ന്ന് രൂപപ്പെടുത്തിയ സാമാധാന നിര്‍ദേശങ്ങളില്‍ മാറ്റം വരുത്തുന്നതിനെ റഷ്യ ഇനിയും അംഗീകരിച്ചിട്ടില്ല.

