ശബരിമല വിമാനത്താവളം എന്നു വരുമെന്ന കാര്യം അനിശ്ചിതത്വത്തില്‍, ഭൂമിയുടെ അളവെടുപ്പ് കുരുക്കിലാകുന്നു

കോട്ടയം: മധ്യ തിരുവിതാംകൂറിന്റെ അന്താരാഷ്ട്ര വിമാനത്താവള സ്വപ്‌നം ഫലമണിയുമെന്ന് കരുതിയിരുന്ന നിര്‍ദിഷ്ട ശബരിമല വിമാനത്താവളം ഇനിയും നീണ്ടുപോകാന്‍ സാധ്യതയേറെ. ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവില്‍ എരുമേലി പ്രദേശത്തെ സ്വകാര്യ ഭൂവുടമകളുടെ സ്ഥലം ഏറ്റെടുക്കലിനുള്ള അളവ് കഴിഞ്ഞതോടെ വിമാനത്താവള നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന പ്രതീതി ജനിച്ചിരുന്നതാണ്. എന്നാല്‍ അതിനു വീണ്ടും കരിനിഴല്‍ വീഴ്ത്തുന്നത് സ്ഥലം സര്‍വേ തന്നെയാണ്. വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് മൊത്തത്തില്‍ ഏറ്റെടുക്കുന്നതാണ്. ബിലീവേഴ്‌സ് ചര്‍ച്ചിനു ബന്ധമുള്ള അയന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഈ എസ്റ്റേറ്റ് സംബന്ധിച്ച് സര്‍ക്കാരിന്റെ കൈവശമുള്ള ഡിജിറ്റല്‍ സര്‍വേയിലെ കണക്കുകള്‍ മതിയാകുമെന്ന ധാരണയിലായിരുന്നു ഇതുവരെ.

എന്നാല്‍ ഇതിനോട് അയന ട്രസ്റ്റ് ഇതുവരെ അനകൂലാഭിപ്രായം പറഞ്ഞിട്ടില്ല. എസ്റ്റേറ്റിനുള്ളില്‍ കടന്ന് അളവെടുക്കണമെങ്കില്‍ ട്രസ്റ്റിന്റെ അനുമതി കൂടിയേ തീരൂ. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പാലായിലെ കോടതിയിലും സാമൂഹികാഘാത പഠനം സംബന്ധിച്ച് ഹൈക്കോടതിയിലും കേസ് നില്‍ക്കുകയാണ്. ഈ കേസ് അയന ട്രസ്റ്റിനെകൂടി ബാധിക്കുന്നവയാണ്. അതിനാല്‍ തന്നെ തോട്ടത്തിനുള്ളില്‍ കടന്ന് അളവെടുക്കാന്‍ അനുമതി ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്ന കാര്യം ഉറപ്പാണ്. അതോടെയാണ് സര്‍വ തന്നെ വിമാനത്താവളത്തിനു കുരുക്കായി മാറുന്നത്.

Leave a Reply

Your email address will not be published. Required fields are marked *