പാരീസ്: ലോകത്തെ ഞെട്ടിച്ച ലൂവ്‌റ് മ്യൂസിയത്തിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് നാലാമതൊരാള്‍ കൂടി പാരീസില്‍ പിടിയിലായി. കഴിഞ്ഞ മാസം പത്തൊമ്പതിന് മ്യൂസിയത്തില്‍ കടന്നുകൂടി അമൂല്യമായ പുരാവസ്തുക്കള്‍ മോഷ്ടിച്ച സംഭവത്തിലെ നാലാമന്‍ കൂടി പിടിയിലായതോടെ ഈ മോഷണത്തില്‍ നേരിട്ട് ഇടപെട്ടവരെല്ലാം അറസ്റ്റിലായിട്ടുണ്ട്. ഇവര്‍ക്കു പുറമെ അഞ്ചാമതൊരാള്‍ കൂടി ഫ്രഞ്ച് പോലീസിന്റെ പിടിയിലുണ്ടെങ്കിലും അയാള്‍ മോഷ്ടാക്കള്‍ക്ക് ഒത്താശ ചെയ്തയാള്‍ മാത്രമാണെന്ന് അറിവായിട്ടുണ്ട്.
ഇത്രയും പേര്‍ അറസ്റ്റിലായിട്ടുണ്ടെങ്കിലും മോഷണം പോയ വസ്തുക്കള്‍ ഏതെങ്കിലും കണ്ടെത്താനായോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. പോലീസ് ഇതു സംബന്ധിച്ച് വെളിപ്പെടുത്തലൊന്നും നടത്തിയിട്ടില്ല. ലോകത്തെ ഞെട്ടിച്ച മോഷണത്തില്‍ ഫ്രഞ്ച് രാജകുടുംബവുമായി ബന്ധപ്പെട്ട അമൂല്യ വസ്തുക്കളാണ് കവര്‍ന്നത്. നിര്‍മാണത്തൊഴിലാളികളുടെ വേഷം ധരിച്ചെത്തിയ മോഷ്ടാക്കള്‍ ഏണിയും മറ്റ് യന്ത്രോപകരണങ്ങളും ഉപയോഗിച്ച് മ്യൂസിയത്തിലെ അപ്പോളോ ഗാലറിയില്‍ കടന്ന് ആഭരണങ്ങള്‍ കവര്‍ന്നശേഷം രക്ഷപെടുകയായിരുന്നു.

