ഗ്ലാസ്‌ഗോ: 2030ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ത്യ വേദിയാകും. ഗുജറാത്തിലെ അഹമ്മദാബാദിനെ അഞ്ചു വര്‍ഷം കഴിഞ്ഞ് നടക്കാന്‍ പോകുന്ന ഗെയിംസിന് വേദിയായി പ്രഖ്യാപിച്ചത് ഇന്നലെ ഗ്ലാസ്‌ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് സ്‌പോര്‍ട്‌സ് ജനറല്‍ അസംബ്ലിയാണ്. നേരത്തെ കോമണ്‍വെല്‍ത്ത് സ്‌പോര്‍ട്‌സ് എക്‌സിക്യൂട്ടീവ് യോഗം നവംബര്‍ 15ന് ഇന്ത്യയെ വേദിയായി പ്രഖ്യാപിക്കുന്നതിന് ശുപാര്‍ശ സമര്‍പ്പിച്ചിരുന്നതാണ്. ഇതേ തുടര്‍ന്ന് ജനറല്‍ അസംബ്ലിയില്‍ 74 കോമണ്‍വെല്‍ത്ത് അംഗങ്ങള്‍ ഇന്ത്യയെ അംഗീകരിക്കുകയായിരുന്നു. ഇന്ത്യയെ കൂടാതെ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് വേദിക്കായി മത്സരരംഗത്തുണ്ടായിരുന്നത്.
കോമണ്‍വെല്‍ത്ത് ഗെയിംസിനായി ഇന്ത്യയെ നിശ്ചയിച്ചത് അങ്ങേയറ്റം അഭിമാനാര്‍ഹമായ കാര്യമാണെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി മെംബറും റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സനുമായ നിത അംബാനി വ്യക്തമാക്കി. രണ്ടു പതിറ്റാണ്ടിനു ശേഷമാകും 20230ല്‍ ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസിനു വേദിയാകുന്നത്. 2010ല്‍ ഡല്‍ഹിയില്‍ ഇന്ത്യയുടെ ആതിഥ്യത്തില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് നടന്നതാണ്. 2036ലെ ഒളിമ്പിക് വേദിക്കായി തയാറെടുപ്പുകള്‍ നടത്തുന്നതിനിടെയാണ് കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥ്യം വഹിക്കാനുള്ള അവസരം ലഭിക്കുന്നത്.

