സിഡ്നി: മലയാളത്തിന്റെ മഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ സിഡ്നിയിലും ഗോസ്ഫോര്ഡിലുമായി പുരോഗമിക്കുമ്പോള്‍ പ്രവാസലോകത്തെ ഭാഷാ സ്നേഹികളോടൊപ്പം അര്‍ഥപൂര്‍ണമായ സമയം ചെലവഴിക്കുന്നതിന് തയാറെടുക്കുകയാണ് മലയാള സിനിമ പ്രവര്‍ത്തകയും ചലച്ചിത്ര അധ്യാപികയുമായ സജിത മഠത്തില്‍. കേരളത്തില്‍ നിന്നു യാത്ര തിരിക്കുന്നതിനു മുമ്പായി സജിത മലയാളീപത്രത്തിന്റെ വായനക്കാര്‍ക്കായി നല്കിയ സന്ദേശത്തില്‍ നിന്ന്.
മലയാളിയുടെ പ്രവാസത്തിനും കുടിയേറ്റത്തിനുമൊപ്പം മലയാള ഭാഷയും അതിന്റെ ലോകയാത്രകള്‍ തുടങ്ങുകയും കാലദേശങ്ങള്‍ക്ക് അതീതമായി വളരുകയും ചെയ്യുന്നതിന്റെ വ്യക്തമായ തെളിവാണ് ഓസ്ട്രേലിയയില്‍ നിന്ന് 2009ല്‍ പ്രസാധനം ആരംഭിച്ച മലയാളീപത്രത്തിന്റെ പതിനഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനം. ഓഷ്യാനിയയിലും ഓസ്ട്രേലിയയിലും മാത്രമല്ല, ലോക മലയാളി സമൂഹത്തിന്റെ അനുദിന വാര്ത്താനുഭവങ്ങളില് കൃത്യമായ ഇടപെടലുകളാണ് മലയാളീപത്രം നടത്തിവരുന്നത്. ഈ അവസരത്തില്‍ മലയാളീപത്രത്തിന്റെ അക്ഷരോത്സവത്തില്‍ ആശംസകള്‍ അറിയിക്കുന്നതിനും നിങ്ങള്‍ ഓരോരുത്തരെയും നേരില്‍ കാണാനും സംവദിക്കാനും സൗഹൃദം പങ്കുവയ്ക്കാനുമായി ഞാനും എത്തുന്നു. ഇനി നേരില്‍ കാണാമെന്ന് സജിത മഠത്തിലിന്റെ വാക്കുകള്‍.

