ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ വ്‌ളാഡിമര്‍ പുടിന്‍ പങ്കെടുക്കും,

പ്രധാന മന്ത്രി മോദിയുമായി നിര്‍ണായക കൂടിക്കാഴ്ച

ന്യൂഡല്‍ഹി: ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ഇന്ത്യയിലെത്തും.

ഡിസംബര്‍ നാല്, അഞ്ച് തീയതികളിലാണ് പുടിന്‍ ഭാരതത്തിലെത്തുന്നത്. സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പുടിന്‍ കൂടിക്കാഴ്ച നടത്തുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഉഭയകക്ഷി ബന്ധം ശക്തമാക്കുക ലക്ഷ്യമിട്ടായിരിക്കും നേതാക്കളുടെ കൂടിക്കാഴ്ച.

യുക്രെയിനുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള പുടിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. 2021-ലാണ് പുടിന്‍ അവസാനമായി ഇന്ത്യ സന്ദര്‍ശിച്ചത്. ഡിസംബര്‍ അഞ്ചിന് നടക്കുന്ന ഉച്ചകോടിയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നിരവധി കരാറുകള്‍ക്കും ധാരണയാകും. ഉഭയകക്ഷി ബന്ധങ്ങളിലെ പുരോഗതി അവലോകനം ചെയ്യുന്നതിനും തന്ത്രപ്രധാനമായ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമുള്ള അവസരമായിരിക്കും പുടിന്റെ സന്ദര്‍ശനം.

രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായും പുടിന്‍ കൂടിക്കാഴ്ച നടത്തും. രാഷ്ട്രപതി ഭവനില്‍ പുടിന് പ്രത്യേക വിരുന്ന് സല്‍ക്കാരവും ഒരുക്കും.

Leave a Reply

Your email address will not be published. Required fields are marked *