അറിയാം ശബരിമല പോസ്‌റ്റോഫീസിന്റെ ഈ സവിശേഷതകള്‍

പതിവ് തെറ്റാതെ ഈ വര്‍ഷവും സന്നിധാനത്തെ പോസ്റ്റ് ഓഫീസില്‍ നിന്ന് കത്തുകളുടെ പ്രവാഹം

ശബരിമല: പിന്‍ 689713, ഇതൊരു സാധാരണ പിന്‍കോഡ് അല്ല. നമ്മുടെ രാജ്യത്ത് സ്വന്തമായി രണ്ടു പേര്‍ക്ക് മാത്രമേ പിന്‍കോഡ് ഉള്ളൂ. ഒന്ന് രാഷ്ട്രപതിക്കും മറ്റൊന്നു ശബരിമലയിലെ സ്വാമി അയ്യപ്പനും. മറ്റ് നിരവധി സവിശേഷതകളും ശബരിമല സന്നിധാനത്തെ പോസ്റ്റ് ഓഫീസിനുണ്ട്.

1963 ലാണ് ശബരിമലയല്‍ പോസ്റ്റ് ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.വര്‍ഷത്തില്‍ മൂന്നു മാസം മാത്രമാണ് ഈ പോസ്റ്റ് ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കുക.ഇവിടുത്തെ തപാല്‍ മുദ്രയും ഏറെ പ്രത്യേകതയുള്ളതാണ്.പതിനെട്ടാം പടിക്കു മുകളില്‍ അയ്യപ്പ വിഗ്രഹം ഇരിക്കും വിധമാണ് സന്നിധാനത്തെ പോസ്റ്റ് ഓഫീസിലെ മുദ്ര.

ഈ മണ്ഡല മകരവിളക്ക് കാലത്തും വലിയ തിരക്കാണ് പോസ്റ്റ് ഓഫീസില്‍. അയ്യപ്പമുദ്ര പതിഞ്ഞ കത്തുകള്‍ അയക്കാന്‍ നൂറുകണക്കിനാളുകളാണ് ദിനംപ്രതി പോസ്റ്റ് ഓഫീസില്‍ എത്തുന്നത്.ചിലര്‍ ശബരിമല ദര്‍ശനം നടത്തിയതിന്റെ അനുഭൂതി സ്വന്തം വിലാസത്തിലേക്ക് അയക്കും.മറ്റ് ചിലര്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സ്വാമിയുടെ അനുഗ്രഹമുണ്ടാകട്ടെ എന്ന് ആശംസിച്ചെഴുതും.

ഇത്തവണ പുതിയതായി അഡ്വാന്‍സ്ഡ് പോസ്റ്റല്‍ ടെക്നോളജി (എ.പി.ടി) സംവിധാനവും സന്നിധാനത്തെ പോസ്റ്റ് ഓഫീസില്‍ ക്രമീകരിച്ചിട്ടുണ്ട്. അതുവഴി മറ്റേത് പോസ്റ്റ് ഓഫീസിലും ലഭ്യമാകുന്ന സേവനങ്ങള്‍ ഇവിടെയും ലഭ്യമാക്കാന്നുണ്ട്.ഭക്തര്‍ക്ക് പുറമേ ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്കും ഏറെ ഉപകാരപ്രദമാണ് പോസ്റ്റ് ഓഫീസ്.ഇന്ത്യയില്‍ എവിടെയുള്ള ഭക്തര്‍ക്കും തൊട്ടടുത്ത തപാല്‍ ഓഫീസ് വഴി ശബരിമലയിലെ പ്രസാദം ബുക്ക് ചെയ്യാനും അവസരമുണ്ട്.

ഈ സീസണ്‍ ആരംഭിച്ച് ഇതുവരെ ആറായിരത്തോളം പോസ്റ്റ് കാര്‍ഡുകളാണ് ഇവിടെ നിന്ന് അയച്ചിട്ടുള്ളതെന്ന് പോസ്റ്റ് മാസ്റ്ററായ ഷിബു വി.നായര്‍ പറഞ്ഞു.എല്ലാ നാട്ടില്‍ നിന്നുമുള്ള ഭക്തരും കത്തുകളയക്കാന്‍ പോസ്റ്റ് ഓഫീസില്‍ വരാറുണ്ട്. സ്ഥിരമായി വരുന്നവരും പുതിയതായി എത്തുന്നവരും ഇതില്‍ ഉള്‍പ്പെടുന്നു.പോസ്റ്റ് മാസ്റ്റര്‍ക്ക് പുറമേ ഒരു പോസ്റ്റുമാന്‍,രണ്ട് മള്‍ടി ടാസ്‌കിംഗ് സ്റ്റാഫ് എന്നിവരാണ് ഇവിടെ സേവനം അനുഷ്ടിക്കുന്നത്.

പോസ്റ്റുമാനുമുണ്ട് പ്രത്യേകത

കഴിഞ്ഞ മൂന്നു വര്‍ഷമായി അയ്യപ്പന്റെ സ്വന്തം പോസ്റ്റ് മാനായി സേവനമനുഷ്ടിക്കുകയാണ് പത്തനംതിട്ട, അടൂര്‍ സ്വദേശിയായ ജി. വിഷ്ണു.ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്നതും ശബരിമലയിലാണ്.ഇത്രയും കാലം തുടര്‍ച്ചയായി സന്നിധാനത്തെ പോസ്റ്റ് മാനായി മറ്റാരും പ്രവര്‍ത്തിച്ചിട്ടില്ലെന്നും തന്റെ സ്വന്തം ആഗ്രഹംകൊണ്ടുകൂടിയാണ് സന്നിധാനത്തെ സേവനം തുടരുന്നത് എന്നും വിഷ്ണു പറയുന്നു.

അവസരം ലഭിച്ചാല്‍ വരും നാളുകളിലും ഏറെ സന്തോഷത്തോടെ ഇവിടുത്തെ സേവനം തുടരാനാണ് ആഗ്രഹം. കല്യാണമടക്കമുള്ള വിശേഷാല്‍ ചടങ്ങുകളുടെ ആദ്യ ക്ഷണക്കത്ത് അയ്യപ്പന്റെ പേരില്‍ സന്നിധാനത്തേയ്ക്കയയ്ക്കുന്ന ഭക്തരുണ്ട്.പരിഭവങ്ങളും ആവശ്യങ്ങളും കത്തായി അയ്യപ്പന്റെ മേല്‍ വിലാസത്തിലയയ്ക്കുന്നവരുമുണ്ട്. നിരവധി പേര്‍ മണി ഓര്‍ഡറും അയക്കാറുണ്ട്.ചെറിയ തുകമുതല്‍ വലിയ തുകവരെ ഇതില്‍ ഉള്‍പ്പെടും.ലഭിക്കുന്ന കത്തുകളും മണി ഓര്‍ഡറുമെല്ലാം കൃത്യമായി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് കൈമാറുകയാണ് പതിവെന്നും വിഷ്ണു പറഞ്ഞു.

Get the most relevant and reliable Malayalam news.
https://chat.whatsapp.com/Im1jGh0MgiPA0QotzsiTlB

Leave a Reply

Your email address will not be published. Required fields are marked *