അബുദാബി: പാക്കിസ്ഥാനില്‍ നിന്നെത്തുന്നവരില്‍ കൂടുതല്‍ പേര് ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരോ അവയുമായി ബന്ധമുള്ളവരോ ആണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് അവര്‍ക്ക് വീസ അനുവദിക്കുന്നതില്‍ കടുത്ത നിയന്ത്രണങ്ങളുമായി യുഎഇ. കഴിഞ്ഞ നാലുമാസമായി ഉദ്യോഗസ്ഥരെന്നു വ്യക്തമാക്കുന്നതോ ബ്ലൂ പാസ്പോര്ട്ടുളളവരോ ആയ പാക്കിസ്ഥാനികള്‍ക്കു മാത്രമാണ് യുഎഇ വീസ അനുവദിക്കുന്നത്. യുഎഇ തങ്ങള്‍ക്ക് വീസ അനുവദിക്കുന്നില്ലെന്നു പാക്കിസ്ഥാനികള്‍ വ്യാപകമായ പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് സെനറ്റ് ഫംഗ്ഷണല്‍ കമ്മിറ്റി തന്നെ ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു.
ഇതിനൊപ്പം പാക് പൗരന്മാരുടെ വിദ്യാഭ്യാസ യോഗ്യതകളിലും മറ്റു രേഖകളിലും യുഎഇ അധികൃതര്‍ സംശയം ഉന്നയിച്ചിട്ടുമുണ്ട്. സൗദി അറേബ്യയും ഇതേ കാരണങ്ങള്‍ കൊണ്ട് പാക് പൗരന്മാരെ സംശയത്തോടെ വീക്ഷിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നു പറയുന്നു. ഈ വര്‍ഷം ജൂലൈ മുതലാണ് സാധാരണക്കാര്‍ക്കുള്ള വീസയില്‍ കര്‍ശനമായ വെട്ടിച്ചുരുക്കല്‍ ആരംഭിച്ചിരിക്കുന്നത്. മുന്‍കാലങ്ങളില്‍ പാക്കിസ്ഥാനികള്‍ക്ക് ദീര്‍ഘകാല വീസകളാണ് നല്‍കിയിരുന്നത്. അതിന്റെ സ്ഥാനത്താണ് ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍.

