വാഷിങ്ടന്‍: മൂന്നാം ലോക രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്കുള്ള കുടിയേറ്റം തടയുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ്ഹൗസിനു സമീപം നാഷണല്‍ ഗാര്‍ഡ്‌സിനു നേരെ അഫ്ഗാന്‍ പൗരന്‍ നിറയൊഴിച്ചതുമായി ബന്ധപ്പെട്ടാണ് ട്രംപിന്റെ പ്രതികരണം പുറത്തു വരുന്നത്. അമേരിക്കന്‍ സംവിധാനം മുഴുവന്‍ നവീകരിക്കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നു ട്രംപ് വ്യക്തമാക്കി.
സാങ്കേതിക വിദ്യയില്‍ എത്ര തന്നെ മുന്നേറിയാലും കുടിയേറ്റം അമേരിക്കയുടെ ജീവിത നിലവാരം തകര്‍ക്കുകയേയുള്ളൂവെന്ന് തന്റെ സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് അഭിപ്രായപ്പെട്ടു. മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം പൂര്‍ണമായി തടയുമെന്നു മാത്രമല്ല ബൈഡന്റെ ഭരണകാലത്ത് അനധികൃതമായി രാജ്യത്ത് പ്രവേശിച്ച മുഴുവന്‍ പേരെയും പുറത്താക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. രാജ്യത്തിന് ഉപകാരമില്ലാത്തവരെയും രാജ്യത്തെ സ്‌നേഹിക്കാത്തവരെയും ഫെഡറല്‍ ആനുകൂല്യങ്ങളും സാമൂഹ്യ സുരക്ഷയും കൈപ്പറ്റുന്നവരായി നിലനിര്‍ത്തില്ല. ഇക്കൂട്ടര്‍ക്കു നല്‍കുന്ന മുഴുവന്‍ ആനുകൂല്യങ്ങളും നിര്‍ത്തലാക്കുന്നതാണ്. ആഭ്യന്തര സമാധാനം തകര്‍ക്കുന്ന മുഴുവന്‍ പേരെയും നാടുകടത്തുകയും ചെയ്യും. റിവേഴ്‌സ് കുടിയേറ്റത്തിലൂടെ മാത്രമേ രാജ്യത്തെ സംവിധാനങ്ങളെ മുഴുവന്‍ നവീകരിക്കാന്‍ സാധിക്കൂ. ട്രംപ് വ്യക്തമാക്കി.

