പാലക്കാട്: അമേരിക്കയിലെ ഏറ്റവും തണുപ്പുകൂടിയ പ്രദേശങ്ങളിലും യൂറോപ്യന്‍ ഭൂഖണ്ഡത്തിലെ തണുപ്പേറിയ പ്രദേശങ്ങളിലും മാത്രം കണ്ടുവരുന്ന ദേശാടനക്കിളിയായ പമ്പരക്കാട (റെഡ് നെക്ക്‌സ് ഫലറോപ്) കേരളത്തിലെ ഏറ്റവും ചൂടേറിയ പാലക്കാട്ട് പറന്നെത്തി. സാധാരണയായി കടലിനോടു ചേര്‍ന്നു മാത്രമാണ് ഇവയെ കാണാറുള്ളതെങ്കിലും കടലുമായി യാതൊരു സാമീപ്യവുമില്ലാത്ത പാലക്കാട്ടാണ് ഇപ്പോള്‍ ഇവയെത്തിയിരിക്കുന്നത്. മരുതറോഡ് പഞ്ചായത്തിലെ പടലിക്കാട് പാടശേഖരത്തിലാണ് ഈ കിളിയെത്തിയിരിക്കുന്നത്.
ഇതിനു മുമ്പ് 2023ല്‍ കോയമ്പത്തൂര്‍ ഭാഗത്തും ഇതേയിനത്തിലുള്ള ഒരു ദേശാടനക്കിളിയെ കണ്ടെത്തിയിരിക്കുന്നു. ഇപ്പോള്‍ പറന്നെത്തിയിരിക്കുന്നത് കോയമ്പത്തൂരിനടുത്തുള്ള പാലക്കാട്ടും. കാലാവസ്ഥയിലെ മാറ്റങ്ങളും മഴയുമാകാം ഇവയെ കേരളത്തിലെത്തിച്ചിരിക്കുന്നതെന്ന പക്ഷി നിരീക്ഷണത്തില്‍ താല്‍പര്യമുള്ളവര്‍ അനുമാനിക്കുന്നു. ഒറ്റപ്പറക്കലില്‍ നിര്‍ത്തില്ലാതെ ആറായിരം കിലോമീറ്റര്‍ പറക്കാനും വെള്ളത്തില്‍ ദിവസങ്ങളോളം കഴിയാനും ഇവയ്ക്കുള്ള കഴിവ് ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്.

