കോഴിക്കോട്: കൊയിലാണ്ടി എംഎല്‍എയും കോഴിക്കോട് ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും പ്രമുഖ സിപിഎം നേതാവുമായ കാനത്തില്‍ ജമീല അന്തരിച്ചു. അറുപതു വയസായിരുന്നു. അര്‍ബുദബാധയെ തുടര്‍ന്ന് കുറേക്കാലമായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയായിരുന്നു അന്ത്യം. കോഴിക്കോട് സ്വകാര്യ അശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഖബറടക്കം ചൊവ്വാഴ്ച അത്തോളി കുനിയില്‍ കടവ് ജുമാ മസ്ജിദില്‍ നടക്കും.
മലബാറില്‍ നിന്നുള്ള ആദ്യ മുസ്ലിം വനിതാ എംഎല്‍എയാണ്. രണ്ടു തവണ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കൊയിലാണ്ടി മണ്ഡലത്തില്‍ നിന്ന് സിപിഎം ടിക്കറ്റില്‍ വിജയിച്ചാണ് നിയമസഭയിലെത്തിയത്. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, തലക്കളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റം തുടങ്ങിയ പദവികള്‍ വഹിച്ച ശേഷമാണ ജില്ലാ പഞ്ചായത്തിലെത്തി പ്രസിഡന്റാകുന്നത്.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കേ കാനത്തില്‍ ജമീലയുടെ നേതൃത്വത്തില്‍ വൃക്കരോഗികള്‍ക്കായി നടത്തിയ സ്നേഹസ്പര്‍ശം പദ്ധതി കേരളത്തിനു തന്നെ മാതൃകയായി. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റാണ്. അര്‍ബുദത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമ ജീവിതത്തിലായിരുന്ന ജമീലയെ ഇന്നലെയായിരുന്നു കോഴി്കകോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനു മുമ്പ് ചെന്നൈയിലും കോഴിക്കോട്ടെ വിവിധ ആശുപത്രികളിലുമായിരുന്നു ചികിത്സ.
1966ല്‍ കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിലായിരുന്നു ജനനം. ആദ്യകാലങ്ങളില്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. അവിടെ നിന്നാണ് സജീവ രാഷ്ട്രീയത്തിലേക്കു വരുന്നത്. 1995 മുതല്‍ വിവിധ പദവികളില്‍ രാഷ്ട്രീയ രംഗത്തുണ്ട്. കെ അബ്ദുറഹിമാനാണ് ഭര്‍ത്താവ്. ഐറിജ് റഹ്മാന് (യുഎസ്എ), അനൂജ സുഹൈബ് (ന്യൂനപക്ഷ വികസന കോര്പ്പറേഷന്) എന്നിവരാണ് മക്കള്‍. സുഹൈബ്, തേജു എന്നിവര്‍ മരുമക്കള്‍.

