കാന്‍ബറ: ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസി അറുപത്തിരണ്ടാം വയസില്‍ പുനര്‍വിവാഹിതനായി. കഴിഞ്ഞ അഞ്ചു വര്‍ഷമായി പ്രണയത്തിലായിരുന്ന പങ്കാളി ജോഡി ഹെയ്ഡനെയാണ് ആല്‍ബനീസി വിവാഹം കഴിച്ചത്. വധുവിന് നാല്‍പത്തഞ്ച് വയസാണ് പ്രായം. ഇതോടെ അധികാരത്തിലിരിക്കെ വിവാഹിതനാകുന്ന ആദ്യ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയെന്ന റെക്കോഡും ആല്‍ബനീസിയുടെ പേരിലായി. ബാങ്കിങ്, ധനകാര്യ സ്ഥാപനങ്ങളിലായി കഴിഞ്ഞ ഇരുപതു വര്‍ഷമായി പ്രവര്‍ത്തിക്കുകയാണ് ജോഡി ഹെയ്ഡന്‍. നിലവില്‍ ടീച്ചേഴ്‌സ് മ്യൂച്വല്‍ ബാങ്കിലെ സ്ട്രാറ്റജിക് ഹെഡ് ആണ്.
തലസ്ഥാന നഗരമായ കാന്‍ബറയില്‍ ആല്‍ബനീസിയുടെ ഔദ്യോഗിക വസതിയായ ദി ലോഡ്ജില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ഏതാനും മന്ത്രിമാരും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. സുരക്ഷാ കാരണങ്ങളാല്‍ വിവാഹ തീയതിയും സ്ഥലവും ഉള്‍പ്പെടെ എല്ലാ വിവരങ്ങളും രഹസ്യമായി വച്ചിരിക്കുകയായിരുന്നു. ആല്‍ബനീസിയുടെ വളര്‍ത്തു നായ ടോട്ടോ ആയിരുന്നു വധുവിനെ അണിയിക്കാനുള്ള വിവാഹ മോതിരം വരന്റെ കൈയില്‍ എടുത്തു നല്‍കിയത്.
ആല്‍ബനീസിയും ഹെയ്ഡനും കഴിഞ്ഞ അഞ്ചു വര്‍ഷമായി പ്രണയത്തിലായിരുന്നു. 2020ല്‍ മെല്‍ബണില്‍ നടന്ന ഒരു അത്താഴ വിരുന്നിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. കഴിഞ്ഞ വര്‍ഷം വാലന്റൈന്‍സ് ദിനത്തിലായിരുന്നു ഹെയ്ഡനോട് ആല്‍ബനീസി പ്രൊപ്പോസ് ചെയ്യുന്നത്. 2022ലും 2025ലും ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിടെ ആല്‍ബനീസിക്കൊപ്പം ഹെയ്ഡനുമുണ്ടായിരുന്നു. 2019ലാണ് ആല്‍ബനീസിയും ആദ്യ ഭാര്യ കാര്‍മല്‍ ടെബറ്റും വേര്‍പിരിയുന്നത്.

