സിഡ്‌നി: കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഓസ്‌ട്രേലിയയിലെ പ്രവാസ ലോകത്ത് മലയാളികളുടെ വാര്‍ത്താലോകത്തെ അടയാളപ്പെടുത്തിയ മലയാളീ പത്രത്തിന്റെ പതിനഞ്ചാം പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് മലയാളത്തനിമ നിറഞ്ഞ അക്ഷരോത്സവത്തിന് ഇന്നു തുടക്കം. ഇന്നു വൈകുന്നേരം നാലിന് ഗോസ്‌ഫോഡ് 123 ഡോണിസന്‍ സ്ട്രീറ്റിലെ ലൈബ്രറി ഓഡിറ്റോറിയത്തിലാണ് മ ഫെസ്റ്റ് എന്നു പേരിട്ടിരിക്കുന്ന അക്ഷരോത്സവത്തിന്റെ പ്രധാന ചടങ്ങ്. വളരെ വിപുലമായ പരിപാടികളാണ് ഇതോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.
അക്ഷരോത്സവത്തില്‍ വിശിഷ്ടാതിഥികളായി പ്രശസ്ത മലയാളം എഴുത്തുകാരന്‍ ബന്യാമിന്‍, അഭിനേത്രിയും അധ്യാപികയുമായ സാജിത മഠത്തില്‍, എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ എഴുത്തുകാരന്‍ വി കെ കെ രമേശ് എന്നിവര്‍ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി സംസാരിക്കുകയും സാഹിത്യ സംവാദങ്ങള്‍ക്കു നേതൃത്വം നല്‍കുകയും ചെയ്യും. മ ഫെസ്റ്റിന്റെ ഭാഗമായി മലയാളീ പത്രത്തിന്റെ പുതിയ സംരംഭമായ നാലാമന്‍ മീഡിയ ഹൗസ് എന്ന യൂട്യൂബ് ചാനലിന്റെ പ്രകാശനവും നടക്കും.
തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക സന്ധ്യയില്‍ മെല്‍ബണ്‍ കെപ്റ്റയുടെ മൈക്രോ ഡ്രാമ ഴോണറിലുള്ള അതെന്താ എന്ന നാടകം അരങ്ങിലെത്തും. സംവിധാനം ഗിരീഷ് അവണൂര്‍. വിഷ്ണു ശിവശങ്കര്‍ രചിച്ച് റഷീദ് പറമ്പില്‍ ഈണമിട്ട നീഹാരമേ എന്ന വീഡിയോ ആല്‍ബത്തിന്റെ റിലീസിങ്ങും ഇതോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. ഗാനാലാപനം അഞ്ജു ജോസഫ്. വിവിധ പുസ്തക പ്രകാശനങ്ങള്‍, കവിതാലാപനങ്ങള്‍, വിപഞ്ചിക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിലുള്ള പുസ്തക ചന്ത തുടങ്ങിയ പരിപാടികളും ക്രമീകരിച്ചിട്ടുണ്ട്.

