എസ്ഐആര്‍: പാര്‍ലമെന്റില്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം; ശീതകാല സമ്മേളനം തിങ്കളാഴ്ച തുടങ്ങും

ന്യൂഡല്‍ഹി: തിങ്കളാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണം (എസ്ഐആര്‍) ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം. ശീതകാല സമ്മേളനത്തിന് മുന്നോടിയായി സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് ഈ ആവശ്യമുയര്‍ന്നത്.

യോഗത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ വിശദമായ ചര്‍ച്ച ആവശ്യപ്പെടുകയും ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ (ബിഎല്‍ഒ) അമിതജോലിയെയും മരണങ്ങളെയും കുറിച്ചുള്ള ആശങ്കകള്‍ ഉന്നയിക്കുകയും ചെയ്തു.

യോഗം ക്രിയാത്മകവും ഗുണപരവുമായിരുന്നുവെന്ന് പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. 36 പാര്‍ട്ടികളില്‍ നിന്നായി 50 നേതാക്കള്‍ പങ്കെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരവധി പ്രതിപക്ഷ നേതാക്കള്‍ എസ്ഐആര്‍ ചര്‍ച്ച ആവശ്യപ്പെട്ടുവെന്നും എന്നാല്‍ പാര്‍ലമെന്റിന്റെ അജണ്ട തീരുമാനിക്കാന്‍ അധികാരമുള്ള ഏക സമിതി ബിസിനസ് ഉപദേശക സമിതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

എസ്ഐആര്‍ ചര്‍ച്ച ചെയ്തില്ലെങ്കില്‍ സഭാ നടപടികള്‍ തടസ്സപ്പെടുത്തിയേക്കുമെന്ന് ചില നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും ഒരു പാര്‍ട്ടിയും സഭ നിര്‍ത്തിവെക്കാന്‍ ഉദ്ദേശിക്കുന്നതായി സൂചന നല്‍കിയിട്ടില്ലെന്ന് റിജിജു പറഞ്ഞു. പ്രതിപക്ഷവുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണെന്നും ചില വിഷയങ്ങളില്‍ പാര്‍ട്ടികള്‍ക്ക് വിയോജിപ്പുണ്ട് എന്ന കാരണത്താല്‍ മാത്രം പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

തിരഞ്ഞെടുപ്പ് കമ്മിഷന് സ്വന്തം ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതിന്റെ സൂചനയാണ് ഇപ്പോള്‍ സമയം നീട്ടി നല്‍കിയതെന്നും കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി. മിക്കവാറും എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും എസ്ഐആറിനെക്കുറിച്ച് ചര്‍ച്ച ആവശ്യപ്പെട്ടുവെന്ന് കോണ്‍ഗ്രസ് എംപി പ്രമോദ് തിവാരി പറഞ്ഞു. ഈ പ്രക്രിയ തിടുക്കത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ശീതകാല സമ്മേളനത്തില്‍ പങ്കെടുക്കണമെന്നും തിവാരി കൂട്ടിച്ചേര്‍ത്തു.

എസ്ഐആറിന് പുറമെ ഡല്‍ഹിയിലുണ്ടായ സ്ഫോടനം, വിദേശ നയം സംബന്ധിച്ച വിഷയങ്ങളും പ്രതിപക്ഷ പാര്‍ലമെന്റില്‍ ഉന്നയിച്ചേക്കും. ശീതകാല സമ്മേളനം തിങ്കളാഴ്ച ആരംഭിച്ച് ഡിസംബര്‍ 19-ന് അവസാനിക്കും. സാധാരണയായി ഉണ്ടാകാറുള്ള 20 സിറ്റിംഗുകളില്‍ നിന്ന് വ്യത്യസ്തമായി, ഈ വര്‍ഷത്തെ സമ്മേളനം 15 സിറ്റിംഗുകളാണ് ക്രമീകരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *