ലണ്ടന്‍: യുകെയില്‍ കുടിയേറ്റ സമൂഹത്തിന്റെ വലിയൊരു ശതമാനം വരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളും തൊഴിലാളികളും ഈ വര്‍ഷം രാജ്യം ഉപേക്ഷിച്ചെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ റിപ്പോര്‍ട്ട്. ഇക്കൊല്ലം ജൂണ്‍ വരെ 74000 ഇന്ത്യക്കാരാണ് ഇംഗ്ലണ്ടില്‍ നിന്നു തിരിച്ചു പോയത്. കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കിയതാണ് ഇത്രയും ആളുകളുടെ തിരിച്ചുപോക്കിനു കാരണമായി പറയുന്നത്. നിലവില്‍ 204000 ഇന്ത്യക്കാര്‍ മാത്രമാണ് യുകെയില്‍ തങ്ങുന്നത്.
കോവിഡിനു ശേഷം ഇത്രയും വലിയ തോതില്‍ കുടിയേറ്റക്കാരുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നത് ആദ്യമായാണ്. പഠന വീസയിലുള്ള 45000 ഇന്ത്യക്കാരും വര്‍ക്ക് വീസയിലുള്ള 22000 ഇന്ത്യക്കാരും ഇക്കാലയളവില്‍ രാജ്യം വിട്ടുപോയി. മറ്റു വിഭാഗങ്ങളിലുള്ള ഏഴായിരം ഇന്ത്യക്കാരും യുകെയിലെ ജീവിതം ഉപേക്ഷിച്ചു മടങ്ങി. എല്ലാം കൂടി രാജ്യം വിട്ടവരുടെ എണ്ണം 74000. ഇക്കാലയളവില്‍ യുകെ വിട്ട യൂറോപ്പിതര രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ എണ്ണത്തില്‍ ഏറ്റവും മുന്നിലുള്ളത് ഇന്ത്യക്കാരാണ്.
ഇത്രയും പേര്‍ യുകെ വിട്ടുവെങ്കിലും ഇതേ സമയം 90000 പേര്‍ പഠന വീസയിലും 46000 പേര്‍ വര്‍ക്ക് വീസയിലും എത്തുകയും ചെയ്തു. അന്താരാഷ്ട്ര വിദ്യാര്‍ഥികളെയും എന്‍ട്രി ലെവല്‍ തൊഴിലാളികളെയും ബാധിക്കുന്ന കുടിയേറ്റ നയങ്ങളില്‍ മാറ്റം വരുത്തിയതാണ് ഇത്രയും പേര്‍ രാജ്യം വിടാന്‍ കാരണമായത്. യുകെയില്‍ ഉന്നത പഠനം നടത്താനാഗ്രഹിക്കുന്നവരെ തടസപ്പെടുത്തുന്ന വിധത്തില്‍ കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കിക്കൊണ്ടിരിക്കുകയാണ്.

