വെനസ്വേലക്കെതിരെ ആക്രമണ ഭീഷണിയുമായി അമേരിക്ക; വ്യോമമേഖല അടച്ചതായി ട്രംപ്

വാഷിങ്ടണ്‍: വെനസ്വേലക്കെതിരെ നിര്‍ണായക നീക്കവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.വെനസ്വേലയുടെ വ്യോമാതിര്‍ത്തി പൂര്‍ണ്ണമായും അടച്ചതായി ട്രംപ് അറിയിച്ചു.വെനസ്വേലയിലെ മയക്കുമരുന്ന് കടത്ത് തടയാനുള്ള ശ്രമങ്ങള്‍ അതിവേഗത്തില്‍ ആരംഭിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നിര്‍ണായക നീക്കം.

കരീബിയന്‍ കടലില്‍ വെനസ്വേലന്‍ ബോട്ടുകള്‍ അമേരിക്കന്‍ നാവികസേന അടുത്തിടെ ആക്രമിച്ചിരുന്നു.പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക് നീങ്ങുകയാണ്.ഇതിനിടെയാണ് ട്രംപ് വ്യോമാതിര്‍ത്തി അടയ്ക്കുമെന്ന പ്രഖ്യാപനവുമായി രംഗത്ത് വരുന്നത്.വെനസ്വേലന്‍ സര്‍ക്കാരിനെതിരായ നീക്കത്തിന് സിഐഎയ്ക്ക് ട്രംപ് അനുമതി നല്‍കിയിട്ടുണ്ട്.

മയക്കുമരുന്ന് തടയാനെന്ന പേരില്‍ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ സര്‍ക്കാരിനെ താഴെയിറക്കാനുള്ള നീക്കമാണ് ട്രംപ് നടത്തുന്നതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.അതേസമയം ട്രംപിന്റെ ഭീഷണിയെ തള്ളി വെനസ്വേല രംഗത്ത് എത്തി. ട്രംപിന്റേത് കൊളോണിയല്‍ ഭീഷണിയാണെന്ന് വെനസ്വേലയുടെ വിദേശകാര്യമന്ത്രാലയം ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

‘വെനിസ്വേലയുടെ വ്യോമമേഖലയിലെ പരമാധികാരത്തെ ഭീഷണിപ്പെടുത്തുന്ന കൊളോണിയല്‍ ഭീഷണിയെ തള്ളുന്നു.വെനിസ്വേലന്‍ ജനതക്കെതിരെ നടക്കുന്ന അതിരുകടന്നതും നിയമവിരുദ്ധവും നീതീകരിക്കപ്പെടാത്തതുമായ മറ്റൊരു കടന്നാക്രമണമായി കണക്കാക്കി അപലപിക്കുന്നു,’- മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *