തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ലൈംഗിക പീഡന കേസിലെ അതിജീവിതയെ സൈബര്‍ ഇടത്തില്‍ അധിക്ഷേപിച്ചെന്ന പരാതിയില്‍ രാഹുല്‍ ഈശ്വര്‍ അറസ്റ്റിില്. തിരുവനന്തപുരം സൈബര്‍ പോലീസ് കസ്റ്റഡിയിലെടുത്ത രാഹുലിനെ തിരുവനന്തപുരം എആര്‍ ക്യാമ്പിലേക്ക് ചോദ്യം ചെയ്യലിനായി കൊണ്ടുപോയിരിക്കുകയാണ്.
യുവതി നല്കിയ പരാതിയില്‍ രാഹുല്‍ ഈശ്വറിനോട് ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സൈബര്‍ പോലീസ് സംഘം വീട്ടിലെത്തി നോട്ടീസ് നല്‍കിയിരുന്നു. ഇതു പ്രകാരം സ്വന്തം വാഹനത്തില്‍ ഭാര്യയ്ക്കൊപ്പമാണ് രാഹുല്‍ എആര്‍ ക്യാമ്പിലെത്തിയത്. തുടര്‍ന്ന് പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. യൂട്യൂബ് ചാനലില്‍ വീഡിയോ അപ്ലോഡ് ചെയ്യുന്നതിന് ഉപയോഗിച്ച ലാപ്ടോപ്പ് പോലീസ് ആവശ്യപ്പെട്ടെങ്കിലും അത് ഓഫീസിലാണെന്നായിരുന്നു രാഹുലിന്റെ മറുപടി. ചാനല്‍ പരിപാടിയിലൂടെ പരാതിക്കാരിയായ യുവതിയെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തുകയും യൂട്യൂബ് ചാനലിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു എന്നതാണ് രാഹുല്‍ ഈശ്വറിനെതിരായ കേസിന്റെ അടിസ്ഥാനം.
അതേ സമയം പരാതിക്കാരിയെ അപമാനിച്ചതിന് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ അഞ്ചു പ്രതികളാണുള്ളത്. പത്തനംതിട്ട മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി രഞ്ജിത പുളിക്കലാണ് ഒന്നാം പ്രതി. കെപിസിസി സെക്രട്ടറി സന്ദീപ് വാര്യര്‍, രാഹുല്‍ ഈശ്വര്‍, ദീപാ ജോസഫ് തുടങ്ങിയവരാണ് മറ്റു പ്രതികള്‍. അതിജീവിതയെ തിരിച്ചറിയുന്ന വിധത്തില്‍ വിവരങ്ങള്‍ വെളിപ്പെടുത്തി, സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചു തുടങ്ങിയയാണ് ഇവര്‍ക്കെതിരായ കുറ്റം.

