ഓസ്‌ട്രേലിയയ്ക്ക് ഇതു ധന്യ നിമിഷം, അഭയാര്‍ഥികളായി സ്വീകരിച്ചവര്‍ പത്തു ലക്ഷം പിന്നിട്ടു, രണ്ടാം ലോകയുദ്ധം മുതലുള്ളവര്‍

സിഡ്‌നി: ലോകത്ത് അഭയമില്ലാത്ത ജനങ്ങള്‍ക്ക് അഭയമായി മാറിയതിന്റെ നാഴികക്കല്ല് പിന്നിട്ടതിന്റെ ആഹ്ലാദത്തിലും അഭിമാനത്തിലും ഓസ്‌ട്രേലിയ. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം പത്തു ലക്ഷം അഭയാര്‍ഥികള്‍ക്ക് ഓസ്‌ട്രേലിയ ഇതുവരെ അഭയം നല്‍കിക്കഴിഞ്ഞു. പത്തു ലക്ഷാമത്തെ അഭയാര്‍ഥിയെ രാജ്യത്തേക്ക് സ്വീകരിച്ചത് കഴിഞ്ഞ വെള്ളിയാഴ്ച. ഇതേ തുടര്‍ന്ന് ആഭ്യന്തര കാര്യ വകുപ്പ് തങ്ങളുടെ സമൂഹ മാധ്യ പേജിലൂടെ ഈ നിമിഷത്തിന്റെ അഭിമാനവും ആഹ്ലാദവും പങ്കുവയ്ക്കുന്നതായി അറിയിക്കുകയും ചെയ്തു.

ഇക്കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ മാത്രം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആള്‍ക്കാരാണ് ഓസ്‌ട്രേലിയയില്‍ സുരക്ഷിതത്വവും പുതിയ തുടക്കത്തിനുള്ള അവസരം നേടിയത്. അവരൊക്കെ ഈ നാട്ടുകാരായി മാറുകയും നാടിന്റെ സാമൂഹ്യ ഘടനയെയും സമ്പദ് വ്യവസ്ഥയെയും ശക്തിപ്പെടുത്തുന്നു. പത്തു ലക്ഷാമത്തെ വ്യക്തി എന്നത് കേവലം ഒരു അക്കം മാത്രമല്ല, പത്തു ലക്ഷം കുടുംബങ്ങള്‍ തങ്ങളുടെ ജീവിതങ്ങളെ പുനര്‍ രചിക്കുന്നതിന്റെ കഥകള്‍ കൂടിയാണ്. ആഭ്യന്തര കാര്യ വകുപ്പ് സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത് ഇങ്ങനെ.

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം 1947ലാണ് ഓസ്‌ട്രേലിയ ഹ്യമാനിറ്റേറിയന്‍ റീസെറ്റില്‍മെന്റ് പ്രോഗ്രാം എന്ന പേരില്‍ അഭയാര്‍ഥികളെ സ്വീകരിക്കുന്ന സമീപനം സ്വീകരിക്കുന്നത്. ആദ്യമായെത്തിയത് കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് 17000 ആള്‍ക്കാരായിരുന്നു. അതിനു ശേഷം വിയറ്റ്‌നാം യുദ്ധത്തെ തുടര്‍ന്ന് ഒരു ലക്ഷം ആള്‍ക്കാരുമെത്തി. യൂഗോസ്ലാവ്യ, കിഴക്കന്‍ തിമോര്‍, ലെബനന്‍,ത സുഡാന്‍ എന്നിവിടങ്ങളിലെ ആഭ്യന്ത സംഘര്‍ഷങ്ങളില്‍ സര്‍വവും നഷ്ടപ്പെട്ടവരെയും ഓസ്‌ട്രേലിയ സ്വീകരിച്ചു. 2025-26ല്‍ ഏറ്റവും കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത് അഫ്ഗാനിസ്ഥാനില്‍ നിന്നാണ്. നിലവില്‍ ഓസ്‌ട്രേലിയയില്‍ അഭയം കാത്ത് അപേക്ഷ നല്‍കിയിരിക്കുന്നവരുടെ എണ്ണം മൂന്നു ലക്ഷത്തിനു മുകളിലാണ്.

Leave a Reply

Your email address will not be published. Required fields are marked *