ഇന്തോനേഷ്യയിലെ സുമാത്രന്‍ മേഖലയിലെ മൂന്ന് പ്രവിശ്യകളെ ബാധിച്ച വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ആകെ 303 പേര് മരിക്കുകയും 279 പേരെ കാണാതാവുകയും ചെയ്തതായി രാജ്യത്തെ ദേശീയ ദുരന്ത നിവാരണ ഏജന്‍സി (ബി.എന്‍.പി.ബി.) അറിയിച്ചു.
കനത്ത മണ്‍സൂണ്‍ മഴയെത്തുടര്‍ന്ന് നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നു,നിരവധി പ്രദേശങ്ങളിലേക്കുള്ള പ്രവേശനം തടസ്സപ്പെട്ടതിനാല്‍ താമസക്കാര്‍ ഒറ്റപ്പെട്ട നിലയിലാണ്.
നോര്‍ത്ത് സുമാത്രയിലാണ് ഏറ്റവും കൂടുതല്‍ ആളപായമുണ്ടായത്,ഇവിടെ 166 മരണങ്ങളും 143 പേരെ കാണാതാവുകയും ചെയ്തു.പടിഞ്ഞാറന്‍ സുമാത്രയില്‍ 90 പേര് മരിച്ചതായി സ്ഥിരീകരിക്കുകയും 85 പേരെ കാണാതാവുകയും ചെയ്തു.അസെയില്‍ 47 പേരുടെ മരണമാണ് രേഖപ്പെടുത്തിയത്,51 പേരെ ഇനിയും കണ്ടെത്താനുണ്ട് എന്നും ബി.എന്‍.പി.ബി. മേധാവി സുഹര്യന്തോ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ മൂന്ന് പ്രവിശ്യകളിലായി വിന്യസിച്ചിട്ടുള്ള ബി.എന്‍.പി.ബി.യൂണിറ്റുകളുമായി അദ്ദേഹം ഏകോപന യോഗം ചേരുകയും, ബാധിത പ്രദേശങ്ങളില്‍ കാലാവസ്ഥ മെച്ചപ്പെട്ടു വരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ഊന്നിപ്പറയുകയും ചെയ്തു.കാണാതായവര്‍ക്കായുള്ള തിരച്ചില്‍, തടസ്സപ്പെട്ട ആശയവിനിമയ സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കല്‍, ദുരിതബാധിതര്‍ക്ക് സാധനസാമഗ്രികള്‍ വേഗത്തില്‍ എത്തിക്കല്‍ എന്നീ മൂന്ന് കാര്യങ്ങള്‍ക്കാണ് ഏജന്‍സി മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

