മൂന്നു രാജ്യങ്ങളിലെ എംബസികള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ച് ഫിന്‍ലന്‍ഡ്

ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന ഖ്യാതി വര്‍ഷങ്ങളായി പേറുന്ന ഫിന്‍ലന്‍ഡ്, പാകിസ്ഥാനടക്കമുള്ള 3 രാജ്യങ്ങളുമായുള്ള സഹകരണത്തിന്റെ കാര്യത്തില്‍ പുതിയ തീരുമാനം കൈക്കൊണ്ടു. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളിലെ എംബസികള്‍ പൂര്‍ണമായി അടച്ചുപൂട്ടാന്‍ തീരുമാനിച്ചതായി ഫിന്‍ലന്‍ഡ് വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. 2026 ഓടെ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും വിദേശകാര്യ മന്ത്രി എലീന വാള്‍ട്ടോനന്‍ വ്യക്തമാക്കി. ഈ രാജ്യങ്ങളിലെ രാഷ്ട്രീയ അനിശ്ചിതത്വവും ഫിന്‍ലന്‍ഡുമായുള്ള വാണിജ്യ – സാമ്പത്തിക ബന്ധങ്ങളുടെ പരിമിതിയുമാണ് തീരുമാനത്തിന് പിന്നിലെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇസ്ലാമാബാദ്, കാബൂള്‍, യാങ്കൂണ്‍ എംബസികളാണ് അടയ്ക്കുന്നതെന്നും എലീന വാള്‍ട്ടോനന്‍ വിവരിച്ചു.

തന്ത്ര പ്രധാന രാജ്യങ്ങളില്‍ സാന്നിധ്യം ശക്തിപ്പെടുത്താനുള്ള വിദേശനയ പരിഷ്‌കരണത്തിന്റെ ഭാഗമാണ് ഈ തീരുമാനമെന്നും ഫിന്‍ലന്‍ഡ് വിദേശകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളുമായി ഫിന്‍ലന്‍ഡിന് ഇപ്പോള്‍ ഗണ്യമായ വാണിജ്യ – സാമ്പത്തിക ബന്ധങ്ങളില്ലെന്നും ഭാവിയില്‍ തന്ത്രപരമായി പ്രധാനപ്പെട്ട പങ്കാളികളായ രാജ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നും എലീന വാള്‍ട്ടോനന്‍ വ്യക്തമാക്കി. അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ തുടരുന്ന സംഘര്‍ഷങ്ങളാണ് ഇരു രാജ്യങ്ങള്‍ക്കും തിരിച്ചടിയായത്. ഈ രാജ്യങ്ങളില്‍ തുടരുന്ന രാഷ്ട്രീയ, സാമ്പത്തിക അസ്ഥിരതയും ഫിന്‍ലന്‍ഡിനെ പിന്മാറാന്‍ പ്രേരിപ്പിച്ചെന്നാണ് വിലയിരുത്തല്‍. രാഷ്ട്രീയ സാഹചര്യങ്ങള്‍ മോശമായി തുടരുന്നത് മ്യാന്‍മറിനും തിരിച്ചടിയായെന്ന് വ്യക്തമാണ്.

അതേസമയം ഇന്ത്യയെ ഫിന്‍ലന്‍ഡ് വലിയ തോതില്‍ പ്രശംസിച്ചു. റഷ്യന്‍ എണ്ണ ഇറക്കുമതിയുടെ പേരില്‍ ഇന്ത്യക്കെതിരെ ട്രംപ് ഭരണകൂടം ഉയര്‍ത്തിയ തീരുവ നയത്തെ എലീന ശക്തമായി എതിര്‍ത്തു. ഇന്ത്യക്കെതിരായ ട്രംപിന്റെ നടപടികള്‍ അനുചിതമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. ‘ഇന്ത്യ ഒരു സൂപ്പര്‍ പവറാണ്, റഷ്യയെയും ചൈനയെയും പോലെ കൂട്ടിക്കെട്ടേണ്ടതില്ല’ എന്ന് നേരത്തെ ഫിന്‍ലന്‍ഡ് പ്രസിഡന്റ് അലക്‌സാണ്ടര്‍ സ്റ്റബ്ബും പ്രസ്താവിച്ചിരുന്നു. ഇന്ത്യയുമായുള്ള വ്യാപാരബന്ധം ശക്തമാക്കാനും യൂറോപ്യന്‍ യൂണിയന്‍ – ഇന്ത്യ സ്വതന്ത്ര വ്യാപാര കരാര്‍ ഈ വര്‍ഷം തന്നെ യാഥാര്‍ഥ്യമാക്കാനുമാണ് ലക്ഷ്യമെന്നും ഫിന്‍ലന്‍ഡ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *