മൂക്കുത്തി അണിയുന്ന സ്ത്രീകള്‍ ശ്രദ്ധിക്കുക,രണ്ടാഴ്ചയ്ക്കുള്ളില്‍ മൂന്നു കേസുകള്‍; ശ്വാസകോശത്തിനില്‍ നിന്നും നീക്കം ചെയ്തത്‌ മൂക്കുത്തിയുടെ ചങ്കീരി

കൊച്ചി: കൊച്ചിയില്‍ കഴിഞ്ഞ രണ്ടാഴ്ചക്കിടെ മൂന്ന് സ്ത്രീകളുടെ ശ്വാസകോശത്തില്‍ നിന്നാണ് മൂക്കുത്തിയുടെ ഭാഗങ്ങള്‍ കണ്ടെടുത്തത്. അമൃത ആശുപത്രിയിലെ ഇന്റര്‍വെന്‍ഷണല്‍ പള്‍മനോളജി വിഭാഗത്തിലാണ് മൂന്ന് സ്ത്രീകളുടെ ശ്വാസകോശത്തില്‍ നിന്ന് മൂക്കുത്തിയുടെ ആണി അടക്കമുള്ള ഭാഗങ്ങള്‍ നീക്കം ചെയ്തത്. മൂന്ന് സംഭവങ്ങളിലും മൂക്കൂത്തി ശ്വാസകോശത്തില്‍ പോയത് സ്ത്രീകള്‍ അറിഞ്ഞിട്ട് പോലുമില്ല. മറ്റ് ചില പരിശോധനകളുടെ ഭാഗമായി എടുത്ത എക്‌സ്‌റേയില്‍ നിന്നാണ് ശ്വാസകോശത്തില്‍ അപര വസ്തുവുണ്ടെന്ന് മനസിലാക്കിയത്. രണ്ട് പേര്‍ വിദേശ യാത്രയ്ക്കായി നടത്തിയ വിസാ പരിശോധനകളിലൂടെയാണ് ശ്വാസകോശത്തിലുള്ള അപര വസ്തു നീക്കം ചെയ്യാനായി കൊച്ചി അമൃത ആശുപത്രിയിലെത്തിയത്. മൂന്ന് സംഭവങ്ങളിലും സ്ത്രീകള്‍ക്ക് പറയത്തക്ക ആരോഗ്യപ്രശ്‌നങ്ങള്‍ തോന്നിയിരുന്നുമില്ലെന്നാണ് ഇന്റര്‍വെന്‍ഷണല്‍ പള്‍മനോളജി വിഭാഗം മേധാവി ഡോ.ടിങ്കു ജോസഫ് വിശദമാക്കുന്നത്. മൂന്ന് പേരിലും ചെറിയ ചുമയല്ലാതെ മറ്റ് ലക്ഷണങ്ങളില്ലെന്ന് ഡോക്ടര്‍ പറഞ്ഞു
ചികിത്സയ്‌ക്കെത്തിയ ആദ്യ സ്ത്രീ 52 വയസുകാരിയാണ്. നാല് വര്‍ഷത്തിലേറെയായി വലത് ശ്വാസകോശത്തില്‍ കുടുങ്ങിക്കിടന്നിരുന്ന സ്വര്‍ണം കൊണ്ടുള്ള മൂക്കൂത്തിയുടെ ഭാഗമാണ് ചികിത്സയ്ക്കിടെ നീക്കിയത്. രണ്ടാമത്തെ സ്ത്രീ 44 വയസുകാരികാരിയാണ്. വെള്ളി കൊണ്ടുള്ള മൂക്കുത്തിയുടെ ഭാഗമാണ് ഇവരുടെ വലത് ശ്വാസകോശത്തില്‍ നിന്ന് നീക്കിയത്. ആറ് മാസമായി മൂക്കൂത്തിയുടെ ഭാഗം ശ്വാസകോശത്തിലുണ്ടെന്നാണ് പരിശോധനയില്‍ വ്യക്തമായത്. മൂന്നാമത്തെ സംഭവത്തില്‍ 31 വയസുകാരിയാണ് ചികിത്സ തേടിയത്.

ശ്വാസകോശത്തിന്റെ അടിവശത്തായി തറഞ്ഞു കിടക്കുന്ന നിലയിലായിരുന്നു സ്വര്‍ണ മൂക്കുത്തിയുടെ ആണി കിടന്നിരുന്നത്.അമൃത ആശുപത്രിയിലെ ഇന്റര്‍വെന്‍ഷണല്‍ പള്‍മനോളജി വിഭാഗം മേധാവി ഡോ.ടിങ്കു ജോസഫിന്റെ നേതൃത്വത്തില്‍ ബ്രോങ്കോസ്‌കോപി രീതിയില്‍ ട്യൂബുകള്‍ ശ്വാസകോശത്തിലേക്ക് കടത്തി ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൂക്കുത്തിയുടെ ഭാഗങ്ങള്‍ പുറത്തെടുത്തത്. ഇത് ആദ്യമായല്ല ഇത്തരം വസ്തുക്കള്‍ ശ്വാസകോശത്തില്‍ നീക്കുന്നതെന്നും എന്നാല്‍ ഇത്രയധികം കേസുകള്‍ അടുത്തടുത്ത് വരുന്നത് ആദ്യമായാണെന്നുമാണ് ഡോ. ടിങ്കു ജോസഫ് വിശദമാക്കുന്നത്.

ഉറക്കത്തിലോ മറ്റോ അബദ്ധവശാല്‍ മൂക്കുത്തിയുടെ ഭാഗങ്ങള്‍ ശ്വാസകോശത്തില്‍ എത്തിയിരിക്കാനാണ് സാധ്യത. എന്നാല്‍ ഇത് പലരും ശ്രദ്ധിക്കാറില്ല. നഷ്ടപ്പെട്ടെന്നു കരുതി വിട്ടുകളയുകയാണ് പതിവെന്ന് ഡോ. ടിങ്കു ജോസഫ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *