തിരുവനന്തപുരം: ‘നേവല്‍ ഡേ ഓപ്പറേഷന്’ ഉദ്ഘാടനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നാളെ വൈകിട്ട് 4ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെത്തും. ടെക്നിക്കല്‍ ഏരിയയില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും നാവികസേനയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്നു സ്വീകരിക്കും. തുടര്‍ന്നു നേരിട്ട് ശംഖുമുഖത്തേക്കു പോകുന്ന രാഷ്ട്രപതി നാവിക സേനയുടെ പ്രകടനങ്ങള്‍ വീക്ഷിക്കും. 4.30ന് ആണ് ഉദ്ഘാടനം. രാഷ്ട്രപതിയെ വേദിയില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സ്വീകരിക്കുക. ഈ സമയത്തു തന്നെ നേവല്‍ ബാന്‍ഡ് സംഘത്തിന്റെ ബാന്‍ഡും ഉണ്ടാകും. ഇതേസമയം ഐഎന്‍എസ് കൊല്‍ക്കത്തയുടെ 21 ഗണ്‍ സല്യൂട്ട് നടക്കും.
വേദിയില്‍ രാഷ്ട്രപതിയെത്തി ദേശീയഗാനത്തിനു പിന്നാലെ ചടങ്ങുകള്‍ ആരംഭിക്കും. എംഎച്ച് 60 ഹെലികോപ്റ്ററുകളുടെ പ്രകടനമാണ് ആദ്യം. അതിനു ശേഷം ഡോര്‍ണിയര്‍ വിമാനങ്ങള്‍ നാല് എണ്ണം നിരന്നെത്തി കാണികളെ വിസ്മയപ്പെടുത്തും. ഐഎന്‍എസ് ഇംഫാല്‍, ഐഎന്‍എസ് ഉദയഗിരി, ഐഎന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് കമാല്‍ എന്നീ യുദ്ധ കപ്പലുകള്‍ ഒരുമിച്ചെത്തിയാണ് അടുത്ത പ്രകടനം. മൂന്ന് ചേതക് ഹെലികോപ്റ്ററുകളാണ് പിന്നാലെയെത്തുക. ബോംബര്‍ ജെറ്റ് വിമാനങ്ങളും അണിനിരക്കും. കഴിഞ്ഞ വര്‍ഷം പുരിയിലെ ഒറീസയിലും അതിനു മുന്‍പ് മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗിലും ആയിരുന്നു ദിനാചരണം.

