ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്റെ 12 വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ 7 സീറ്റുകളില്‍ ബിജെപിക്ക് വിജയം. ആംആദ്മി പാര്‍ട്ടി (എഎപി) 3 സീറ്റുകളിലും കോണ്‍ഗ്രസ് ഒരു സീറ്റിലും ഫോര്‍വേഡ് ബ്ലോക്ക് ഒരു സീറ്റിലും വിജയിച്ചു. ഫെബ്രുവരിയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപിയെ തോല്പിച്ച് സംസ്ഥാന ഭരണം പിടിച്ച ബിജെപിക്ക് ജയത്തിന്റെ ആവേശം നിലനിര്‍ത്താനായി. എഎപിക്ക് വലിയ നേട്ടമുണ്ടായില്ല.
ഫലം പൂര്‍ണമായി ബിജെപിക്ക് അനുകൂലമല്ല. 2 സിറ്റിങ് സീറ്റുകള്‍ ബിജെപിക്ക് നഷ്ടമായി. ഈ സീറ്റുകളില്‍ കോണ്‍ഗ്രസും ഫോര്‍വേഡ് ബ്ലോക്കും വിജയിച്ചു. 3 സിറ്റിങ് സീറ്റുകള്‍ എഎപി നിലനിര്‍ത്തി. സീറ്റുകള്‍ നഷ്ടമായത് കോര്പറേഷന് ഭരണത്തെ ബാധിക്കില്ല. 250 സീറ്റില്‍ 122 സീറ്റുകളിലും അധികാരത്തിലുള്ളത് ബിജെപിയാണ്. എഎപി 102. കോണ്‍ഗ്രസ് 9. രേഖാഗുപ്ത മുഖ്യമന്ത്രിയായശേഷം നടക്കുന്ന തിരഞ്ഞെടുപ്പ് അവര്‍ക്കു നിര്‍ണായകമായിരുന്നു. 12 വാര്‍ഡുകളിലെയും ജനപ്രതിനിധികള്‍ രാജിവച്ചതിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്

