ശബരിമല സ്വര്‍ണക്കൊള്ള;പ്രത്യേക അന്വേഷണ സംഘത്തിന്റെ കാലാവധി ഒരു മാസം കൂടി നീട്ടി,ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു

കൊച്ചി : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് എഫ്‌ഐആര്‍ അടക്കമുള്ള രേഖകള്‍ക്കായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മജിസ്‌ട്രേട്ട് കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി.ഇ.ഡിയുടെ അന്വേഷണം തങ്ങള്‍ തടസപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് അപേക്ഷ പരിഗണിക്കാന്‍ റാന്നി മജിസ്‌ട്രേട്ട് കോടതിക്കും ഹൈക്കോടതി നിര്‍ദേശം നല്‍കി.സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ കാലാവധി ഒരു മാസം കൂടി നീട്ടി നല്‍കാനും ജസ്റ്റിസുമാരായ എ.രാജാ വിജയരാഘവന്‍,കെ.വി.ജയകുമാര്‍ എന്നിവരടങ്ങളുന്ന ദേവസ്വം ബെഞ്ച് തീരുമാനിച്ചു.സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്‌ഐടി മൂന്നാമത്തെ ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.

മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരായ എ.പത്മകുമാര്‍, എന്‍.വാസു തുടങ്ങി ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരടക്കം ആറു പേര്‍ നിലവില്‍ റിമാന്‍ഡിലാണ്.ഇതുവരെയുള്ള അന്വേഷണ വിവരങ്ങള്‍ എസ്‌ഐടി കോടതിയെ ധരിപ്പിച്ചു. നേരത്തെ ഏഴ് ആഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു കോടതി നിര്‍ദേശം.എന്നാല്‍ അന്വേഷണം വിപുലമാവുകയും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരടക്കം അറസ്റ്റിലാവുകയും ചെയ്തതോടെ കൂടുതല്‍ ഉന്നതതല ഇടപെടലുകള്‍ ഉണ്ടോ എന്നും എസ്‌ഐടി പരിശോധിക്കുന്നുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഒരു മാസത്തെ സമയം കൂടി നീട്ടി നല്‍കിയിരിക്കുന്നത്.ഇന്നു സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ പകര്‍പ്പ് പുറത്തു വന്നിട്ടില്ല.

സ്വര്‍ണക്കൊള്ള കേസില്‍ പ്രാഥമികാന്വേഷണം തുടങ്ങുന്നതിന്റെ ഭാഗമായി എഫ്‌ഐആര്‍ അടക്കമുള്ളവയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ഇ.ഡി നേരത്തെ റാന്നി മജിസ്‌ട്രേട്ട് കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇത് അനുവദിച്ചിരുന്നില്ല.ഇതോടെയാണ് ഇ.ഡി ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം തങ്ങള്‍ തടഞ്ഞിട്ടില്ലെന്ന് കോടതി വ്യക്തമാക്കിയതോടെ രേഖകളുടെ അടിസ്ഥാനത്തില്‍ ഇ.ഡി വൈകാതെ ഇസിഐആര്‍ (എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട്) റജിസ്റ്റര്‍ ചെയ്‌തേക്കും.സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചോ എന്നാണ് ഇ.ഡി അന്വേഷിക്കുക.

Leave a Reply

Your email address will not be published. Required fields are marked *