റോം : ഫെബ്രുവരിയില്‍ ഇറ്റലിയിലെ മിലാനില്‍ ആരംഭിക്കുന്ന ശീതകാല ഒളിംപിക്‌സ് – 2026 നു മുന്നോടിയായുള്ള ദീപശിഖ റിലേ ആറിന് റോമില്‍ ആരംഭിക്കും. ഇറ്റലിയിലെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച്, ഫെബ്രുവരി ആറിന് ഉദ്ഘാടനച്ചടങ്ങിനായി മിലാനിലെ സാന്‍ സിറോ സ്റ്റേഡിയത്തില്‍ എത്തിച്ചേരും.
ഗ്രീസിലെ പുരാതന ഒളിംപിയയില്‍ കഴിഞ്ഞയാഴ്ച കത്തിച്ച ഒളിംപിക്‌സ് പുണ്യജ്വാല, നാളെ (4) ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മത്തെരെല്ലയുടെ സാന്നിധ്യത്തില്‍ റോമിലെ ക്വിരിനാലെ കൊട്ടാരത്തില്‍ നടക്കുന്ന ഒരു ഗംഭീര പരിപാടിയില്‍ ഇറ്റലിക്ക് കൈമാറും. തുടര്‍ന്നുള്ള 63 ദിവസത്തിനുള്ളില്‍, 20 ഇറ്റാലിയന്‍ പ്രദേശങ്ങളിലൂടെ ജ്വാല കടന്നുപോകും. 12,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദീപശിഖാ റിലേയില്‍ 300 ലധികം പട്ടണങ്ങളിലൂടെയും നഗരങ്ങളിലൂടെയും സഞ്ചരിക്കുമ്പോള്‍ 10,000ത്തോളം പേര്‍ ദീപശിഖ വഹിക്കും.
റോമിലെ കൊളോസിയം, ത്രേവി ഫൗണ്ടന്‍, മിലാനിലെ കത്തീഡ്രല്‍, വെനീസിലെ ഗ്രാന്‍ഡ് കനാല്‍ എന്നിവയുള്‍പ്പെടെയുള്ള സാംസ്‌കാരിക പൈതൃക പ്രദേശങ്ങള്‍, 2016ല്‍ ഭൂകമ്പത്തില്‍ തകര്‍ന്ന അമട്രിചെ, സുപ്രധാന പുനരുജ്ജീവന പദ്ധതിക്ക് വിധേയമാകുന്ന സ്‌കാംപിയ എന്നിവിടങ്ങളിലൂടെ ദീപശിഖ കടന്നുപോകും. ക്രിസ്മസിന് നേപ്പിള്‍സിലും പുതുവത്സരത്തില്‍ ബാരിയിലുമായിരിക്കും ദീപശിഖ.
ഇറ്റാലിയുടെ ഏറ്റവും മികച്ച ആഘോഷമായി കാണുന്ന, ആതിഥ്യമര്യാദയും നവീകരണവും പരസ്പരം ബന്ധിപ്പിക്കുന്ന ഒരു യാത്രയായിരിക്കും ഇതെന്ന് അധികൃതര്‍ പറഞ്ഞു. 2026 ഫെബ്രുവരി ആറിന് രാത്രി മിലാനില്‍ ഒളിംപിക് കോള്‍ഡ്രണ്‍ കത്തിച്ചുകൊണ്ട് ഒളിംപിക് വിന്റര്‍ ഗെയിംസിന് ഔദ്യോഗികമായി തുടക്കം കുറിക്കുന്നതോടെ യാത്ര അവസാനിക്കും

