പ്രവാസി മലയാളികള്‍ക്ക് കഴിഞ്ഞ പതിനഞ്ചു വര്‍ഷകാലം മാതൃഭാഷയുടെയും ജന്മനാടിന്റെയും പുണ്യം പകര്‍ന്നു നല്കി കേരളമണ്ണിന്റെ ഓര്‍മ്മകള്‍ അക്ഷരങ്ങളിലൂടെ അനുഭവിപ്പിച്ച മലയാളീ പത്രത്തിന്റെ പതിനഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ക്ക് കൊടിയിറങ്ങി.
നവംബര്‍ 30 ന് സെന്‍ട്രല്‍ കോസ്റ്റില്‍ സംഘടിപ്പിച്ച മ ഫെസ്റ്റ് അക്ഷരോത്സവത്തില്‍ മലയാളസാഹിത്യലോകത്തെ പ്രഗത്ഭമതിയായ എഴുത്തുകാരന് ബെന്യാമിന്,, ഒരു വലിയ നാടകക്കാലമായി നമുക്കിടയിലുള്ള നടി സജിതാ മഠത്തില്‍ , ഓര്‍മകളുടെ പൂക്കാലമൊരുക്കിയ ദീപാ നിശാന്ത് , ഹാസ്യസാഹിത്യത്തിനുള്ള കേരളസാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുള്ള എഴുത്തുകാരന് വി. കെ. കെ. രമേഷ് എന്നിവര്‍ ചേര്‍ന്ന് അക്ഷരോത്സവത്തിന് ദീപം പകര്‍ന്നതോടെയാണ് വാര്‍ഷിക പരിപാടികള്‍ക്ക് കൊടിയേറിയത്.
പ്രവാസി മലയാളികളുടെയും നാട്ടില്‍നിന്ന് എത്തിയ എഴുത്തുകാരുടെയും ഉള്‍പ്പെടെ വിവിധ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു.പുസ്തക പ്രകാശനത്തിനു പുറമെ ചര്‍ച്ചകള്‍, കവിയരങ്ങ്, നൃത്തശില്പശാലകള്,നാടകം തുടങ്ങിയവകൊണ്ട് സജീവമായിരുന്നു അക്ഷരവേദി.

വിപഞ്ചിക ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ മലയാളത്തിലെ പ്രഗത്ഭ എഴുത്തുകാരുടെയും നവാഗതരുടെയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തി പുസ്തകോത്സവവും സംഘടിപ്പിച്ചിരുന്നു.വര്‍ദ്ധിച്ചു വരുന്ന കുടിയേറ്റ അസഹിഷ്ണുതകളും മലയാളി മറക്കുന്ന മര്യാദകളും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സിംപോസിയത്തില്‍ മലയാള സാഹിത്യകാരന് ബെന്യാമിന്, യുവ എഴുത്തുകാരി ദീപാ നിശാന്ത്,നടിയും എഴുത്തുകാരിയുമായ സജിതാ മഠത്തില്‍ എന്നിവര്‍ പങ്കെടുത്തു.
ചടങ്ങില്‍ നാലാമന് മീഡിയാ ഹൗസ് യൂട്യൂബ് ചാനല്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്തു. ഡോ. ബാബു ഫിലിപ്പ് നിര്‍മ്മിച്ച് റഷീദ് പറമ്പില്‍ സംവധാനം ചെയ്ത നീഹാരമേ എന്ന സംഗീത ആല്‍ബം നാലാമന് മീഡിയാ ഹൗസിന്റെ ആദ്യ വിഡിയോ ആയി പ്രദര്‍ശിപ്പിച്ചു.
ചിത്രത്തില്‍ ക്ലിക് ചെയ്തു വിഡിയോ കാണാം

സെന്‍ട്രല്‍ കോസ്റ്റ് മേയര്‍ ലോറി മക്കിന്ന, ഡെപ്യൂട്ടി മേയര്‍ ഡവ് ഈറ്റണ്‍ എന്നിവര്‍ പങ്കെടുത്തു ഓസ്ട്രേലിയന്‍ പ്രതിനിധികളായി പങ്കെടുത്ത് ആശംസകളറിയിച്ചു
ഓസ്ട്രേലിയ ഭുഖണ്ഡത്തില്‍,ദൈവത്തിന്റെ സ്വന്തം നാടിന്റെയും മാതൃഭാഷയുടെയും ഗരിമ വിളിച്ചോതിയ മ ഫെസ്റ്റ് അക്ഷരോത്സവത്തിന് കൊടിയിറങ്ങുമ്പോള്‍ മലയാള ഭാഷയുടെ അഴകും ഐക്യവും സൗഹൃദവും ഓസ്ട്രേലിയയ്ക്ക് പുതിയൊരു അനുഭവമാകുമെന്ന് കാര്യത്തില്‍ സംശയമില്ല

