കോള്‍വിന്‍ ബേ, നോര്‍ത്ത് വെയില്‍സ്: പാര്‍ട്ടിക്കിടെ സഹപ്രവര്‍ത്തകരോട് മോശമായി പെരുമാറിയെന്ന് ആരോപണം നേരിടുന്ന നോര്‍ത്ത് വെയില്‍സ് പൊലീസ് ഉദ്യോഗസ്ഥ പി.സി. പമേല പ്രിച്ചാര്‍ഡ് (29) സംഭവം തനിക്ക് ഓര്‍മയില്ലെന്ന് അച്ചടക്ക സമിതിക്ക് മുന്നില്‍ മൊഴി നല്‍കി. 2024 മാര്‍ച്ചില്‍ കേര്‍ണാര്‍ഫോണ്‍ റഗ്ബി ക്ലബ്ബില്‍ നടന്ന പാര്‍ട്ടിക്കിടെ പമേല പ്രിച്ചാര്‍ഡ് മോശമായി പെരുമാറിയെന്നാണ് ആരോപണം.
പുരുഷ സഹപ്രവര്‍ത്തകന്റെ ജനനേന്ദ്രിയത്തിലും വനിതാ ഉദ്യോഗസ്ഥയുടെ മാറിടത്തിലും സ്പര്‍ശിച്ചു, പുരുഷ ഇന്‍സ്‌പെക്ടറെ ചുംബിക്കാന്‍ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളാണ് പമേല നേരിടുന്നത്. പ്രഫഷനല്‍ പെരുമാറ്റത്തിന്റെ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നും കടുത്ത മോശം പെരുമാറ്റം കാണിച്ചെന്നുമുള്ള ആരോപണങ്ങള്‍ പമേല നിഷേധിച്ചു.
നോര്‍ത്ത് വെയില്‍സ് അസിസ്റ്റന്റ് ചീഫ് കോണ്‍സ്റ്റബിള്‍ ക്രിസ് ആല്‍സോപ്പ് അധ്യക്ഷനായ അച്ചടക്ക സമിതിക്ക് മുന്നില്‍ രാത്രിയില്‍ ഡാന്‍സ് ഫ്‌ലോറില്‍ മദ്യപിച്ച് ശേഷം പമേല പ്രിച്ചാര്‍ഡ് നടത്തിയ പെരുമാറ്റത്തിന്റെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഇതോടെ സിസിടിവിയില്‍ കാണുന്ന ദൃശ്യങ്ങള്‍ തന്റേതല്ലെന്നും താന്‍ അങ്ങനെ പ്രവര്‍ത്തിക്കില്ലെന്നും പമേല പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. താന്‍ നല്ല വ്യക്തിയാണ് ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും പമേല കൂട്ടിച്ചേര്‍ത്തു

